ഇവിടെയുണ്ട് കുട്ടി കാലാവസ്ഥ നിരീക്ഷകര്‍; അയ്യന്‍കോയിക്കല്‍ സ്‌കൂളില്‍ വെതര്‍സ്‌റ്റേഷന്‍

post

അനുദിനം മാറുന്ന കാലാവസ്ഥയെ കുറിച്ച് അറിയാന്‍ വെതര്‍ സ്റ്റേഷനുമായി (കാലാവസ്ഥ നിരീക്ഷണ കേന്ദ്രം) അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍.സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ പ്രഖ്യാപിച്ചതാണ് വെതര്‍ സ്റ്റേഷനുകള്‍. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ഭൂമിശാസ്ത്രം മുഖ്യ വിഷയമായ 240 സ്‌കൂള്‍ കേന്ദ്രങ്ങളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. സ്‌കൂളിലെ ജോഗ്രഫി അധ്യാപകന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

അന്തരീക്ഷ ഊഷ്മാവ് അളക്കുന്നതിനുള്ള തെര്‍മോമീറ്റര്‍, അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിനുള്ള വെറ്റ് ആന്‍ഡ് ഡ്രൈ ബള്‍ബ് തെര്‍മോമീറ്റര്‍, മഴയുടെ തോത് കൃത്യമായി രേഖപ്പെടുത്തുന്നതിന് മഴമാപിനി, കാറ്റിന്റെ വേഗത മനസ്സിലാക്കാന്‍ അനിമോമീറ്റര്‍, കാറ്റിന്റെ ദിശ അറിയാന്‍ വിന്‍ഡ് വെയ്ന്‍ തുടങ്ങിയവയാണ് സ്‌കൂളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഉപകരണങ്ങള്‍.സൂക്ഷ്മതലത്തില്‍ കാലാവസ്ഥ മനസ്സിലാക്കുന്നതിനും ഒരു പ്രത്യേക പ്രദേശത്തെ കാലാവസ്ഥ വ്യതിയാനങ്ങള്‍ തിരിച്ചറിയുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് പ്രിന്‍സിപ്പാള്‍ പ്യാരി നന്ദിനി പറഞ്ഞു.