കുരുമുളകിലെ ദ്രുതവാട്ടം നിയന്ത്രിക്കാം

post

ഇലകളില്‍ കറുത്ത പൊട്ടുകളായി പ്രത്യക്ഷപ്പെടുന്ന കുരുമുളകിലെ ഏറെ നഷ്ടമുണ്ടാക്കുന്ന രോഗമാണ് ദ്രുതവാട്ടം. വേരുകള്‍ അഴുകുക, മഞ്ഞളിപ്പ്, ഇലപൊഴിച്ചില്‍, തിരിപൊഴിച്ചില്‍, ഇല കരിഞ്ഞുണങ്ങുക, തണ്ടുകള്‍ ഒടിയുക എന്നിവയാണ് രോഖ ലക്ഷണങ്ങള്‍. രോഗം വരാതിരിക്കാനായി വര്‍ഷത്തിലൊരിക്കല്‍ മണ്ണ് പരിശോധന നടത്തി ശരിയായ അളവില്‍ പോഷകങ്ങളും, സൂക്ഷ്മ മൂലകങ്ങളും ഉറപ്പാക്കുക. മണ്ണിന്റെ അമ്ലത ലഘൂകരിക്കുന്നതിന് കൊടിയൊന്നിന് 500 ഗ്രാം കുമ്മായം അല്ലെങ്കില്‍ ഡോളമൈറ്റ് ഇട്ടു കൊടുക്കുക.

ഈര്‍പ്പ സംരക്ഷണത്തിനും മിത്രജീവാണുക്കളുടെ വംശവര്‍ധനവിനും വേനല്‍കാലത്തു പുതയിടുക. രോഗ പ്രതിരോധത്തിനായി സമ്പുഷ്ട്ടീകരിച്ച ട്രൈക്കോഡെര്‍മ (കൊടിയൊന്നിന് 5 കിലോഗ്രാം), സ്യൂഡോമോണസ് (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍), വളര്‍ച്ചയ്ക്കു സഹായിക്കുന്ന വാം അഥവാ മൈക്കോറൈസ (കൊടി ഒന്നിന് 50 ഗ്രാം) എന്നിവ നല്‍കുക. രോഗ ബാധയേറ്റ തോട്ടത്തില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ച് കൊടുക്കുക. രോഗം നിയന്ത്രണ വിധേയമാകുന്നില്ലെങ്കില്‍ രാസകുമിള്‍നാശിനി മാര്‍ഗങ്ങള്‍ക്കായി കൃഷിഭവനുമായി ബന്ധപ്പെടുക.