ഞങ്ങളും കൃഷിയിലേക്ക് പദ്ധതി: ജില്ലയില്‍ 1081 കൃഷിക്കൂട്ടങ്ങള്‍

post

കര്‍ഷകര്‍ക്ക് വിത്തുകളും തൈകളും ഫലവൃക്ഷതൈകളും വിതരണം ചെയ്തു


ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കും സുരക്ഷിത ഭക്ഷ്യ ഉത്പാദനത്തിനും കുടുംബങ്ങളെ സജ്ജമാക്കുന്നതിന് കൃഷി വകുപ്പ് ആരംഭിച്ച ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയില്‍ ജില്ലയില്‍ 1081 കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ചു. ഇതില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് 918, മൂല്യവര്‍ധിത വസ്തുക്കളുടെ നിര്‍മ്മാണത്തിന് 16, മറ്റു വിളകളുടെ ഉത്പാദനത്തിന് 147 കൂട്ടങ്ങള്‍ ഉള്‍പ്പെടുന്നു. ഒരു വാര്‍ഡില്‍ ഒന്ന് എന്ന രീതിയില്‍ ഒരു ഗ്രാമപഞ്ചായത്തില്‍ കുറഞ്ഞത് 10 കൂട്ടങ്ങളാണുള്ളത്. കൃഷി വകുപ്പിനൊപ്പം തദ്ദേശസ്വയംഭരണം, വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.


പദ്ധതിയില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നടന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി മൂന്ന് ലക്ഷം വിത്ത് പാക്കറ്റുകളും ഏഴ് ലക്ഷം തൈകളും വിതരണം ചെയ്തു. കൃഷി ചെയ്യാന്‍ സന്നദ്ധരായ കര്‍ഷകര്‍ക്ക് വിവിധ പദ്ധതികളിലൂടെ ആവശ്യമായ സഹായങ്ങളും ആനുകൂല്യങ്ങളും കൃഷിവകുപ്പ് നല്‍കും. യുവാക്കള്‍, സ്‌കൂളുകള്‍, കോളെജുകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകളെല്ലാം പദ്ധതിയുടെ ഭാഗമാണ്. ജൈവകൃഷി പ്രോത്സാഹനം നടപ്പിലാക്കുക കൂടിയാണ് പദ്ധതി ലക്ഷ്യം.


കര്‍ഷകദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ കൃഷിസ്ഥലങ്ങള്‍ ആരംഭിക്കുക ലക്ഷ്യമാക്കിയതില്‍ ജില്ലയില്‍ മാത്രം 10,035 ഇടങ്ങളില്‍ കൃഷിയിറക്കി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ സ്ഥല സൗകര്യമനുസരിച്ചുള്ള കൃഷി ചെയ്യുന്നതിന് വേണ്ട പ്രോത്സാഹനം വകുപ്പ് ഉറപ്പാക്കും. ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഗാര്‍ഹിക ഉപയോഗത്തിന് ശേഷം കൃഷി വകുപ്പിന്റെ സഹായത്തോടെ ആഴ്ച ചന്തകള്‍, ഇക്കോ ഷോപ്പ്, വി.എഫ്.പി.സി.കെ എന്നിവയിലൂടെ വിപണിയിലെത്തിക്കും.


അതാത് സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി സമിതികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്ഥാപന തലവന്‍ സമിതി ചെയര്‍മാനായി പദ്ധതിയുടെ പ്രചാരണം, ഏകോപനം വിലയിരുത്തല്‍ എന്നിവയ്ക്കും വിള നിര്‍ണയവും ഉത്പാദനവും വാര്‍ഡ് തലത്തില്‍ ക്രോഡീകരിച്ച് തദ്ദേശതലത്തില്‍ തയാറാക്കാനും സമിതി മേല്‍നോട്ടം വഹിക്കുന്നു. ഓരോ വ്യക്തികളെയും അതിലൂടെ കുടുംബത്തെയും തുടര്‍ന്ന് സമൂഹത്തെയും കൃഷിയിലേക്ക് ഇറക്കുന്ന പദ്ധതിയില്‍ ഒരു സെന്റ് മുതല്‍ ഒരു ഹെക്ടര്‍ വരെയുള്ള സ്ഥലത്ത് കൃഷിയിറക്കാനാകും.