സർവകലാശാലകളിലെ ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ

post


സർവകലാശാലകളിലെ ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കണമെന്നും മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി സംസ്ഥാനസർക്കാർ നിയോഗിച്ച കമ്മീഷൻ ശുപാർശ ചെയ്തു. ഓരോ സർവകലാശാലയ്ക്കും വെവ്വേറ വൈസ് ചാൻസലർമാരെ നിയമിക്കണം. വൈസ് ചാൻസലറുടെ കാലാവധി അഞ്ചു വർഷം വരെയാക്കണമെന്നും 70 വയസുവരെ രണ്ടാം ടേമിനു പരിഗണിക്കാമെന്നും കമ്മീഷൻ ശുപാർശയിലുണ്ട്. കമ്മീഷൻ ശുപാശ ചെയർമാൻ ശ്യാം ബി മേനോൻ സർക്കാരിന് സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു റിപ്പോർട്ട് ഏറ്റുവാങ്ങി.

കോളേജ് അധ്യാപകരുടെ പെൻഷൻ പ്രായം അറുപതു വയസാക്കി ഉയർത്താനും മലബാറിൽ കൂടുതൽ കോളേജുകൾ തുടങ്ങാനും കമ്മീഷൻ നിർദ്ദേശിക്കുന്നു. സ്വകാര്യ സർവകലാശാലകൾക്കായി ബിൽ കൊണ്ടുവരണം. കോളേജുകളിൽ ഗസ്റ്റ് അദ്ധ്യാപകരെ ഒഴിവാക്കി സ്ഥിരനിയമനം നടത്തണമെന്നും അടുത്ത പത്ത് വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസ രംഗം 75 ശതമാനത്തോളം വിപുലീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഗവേഷണ രംഗത്തും അദ്ധ്യാപന രംഗത്തും പഠനരംഗത്തും ഗുണനിലവാരം വർദ്ധിപ്പിക്കണം, ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള കോഴ്സുകളുടെ സീറ്റും വർദ്ധിപ്പിക്കണം. എസ്.സി എസ്.ടി സംവരണം ഉറപ്പാക്കുന്നതിനൊപ്പം വനിതകളുടെയും ട്രാൻസ് ജെൻഡറുകളുടെയും അനുപാതം വർധിപ്പിക്കാനും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

അക്കാഡമിക നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കോളേജുകളിൽ നാലു വർഷ ബിരുദ കോഴ്സ് തുടങ്ങണം. ഗവേഷണത്തിൽ എസ് സി, എസ് ടി സംവരണം ഉറപ്പാക്കണമെന്നും ഭിന്നശേഷി വിദ്യാർഥികൾക്ക് സീറ്റുകൾ വർദ്ധിപ്പിക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു. റിപ്പോർട്ട് സമർപ്പണ ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇഷിതാ റോയി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, പ്രൊഫ. എൻ കെ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 3646/2022