ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്താനുള്ള ശൈലി ആപ്പ് ഉദ്ഘാടനം ചെയ്തു

post

ആരോഗ്യമേഖലയില്‍ ആരംഭിക്കുന്ന വാര്‍ഷിക ആരോഗ്യ പരിശോധന അര്‍ബുദ നിയന്ത്രണ പരിപാടിയായ ശൈലി ആപ്പിന്റെ കല്‍പ്പറ്റ നിയോജക മണ്ഡലതല ഉദ്ഘാടനം ടി.സിദ്ധിഖ് എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിതമായി ജീവിതശൈലി രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ശൈലി ആപ്പ്.

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ പരിശോധനയ്ക്ക് ആപ്പ് സജ്ജമാക്കിയത്. 30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ചും ആശാ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് മൊബൈലില്‍ വിവരശേഖരണം നടത്തും.

ജില്ലയില്‍ വെള്ളമുണ്ട, പൊഴുതന, നെന്മേനി ഗ്രാമപഞ്ചായത്തുകളിലാണ് പൈലറ്റ് പദ്ധതിയെന്ന നിലയ്ക്ക് ഇതു നടപ്പാക്കുന്നത്. ആശാപ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തുകയും ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ആപ്പില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഈ ചോദ്യങ്ങള്‍ക്ക് നാലോ അതിലധികമോ സ്‌കോര്‍ ലഭിച്ചാല്‍ അവരെ ജീവിതശൈലീ രോഗപരിശോധനയ്ക്കായി റഫര്‍ ചെയ്യും. തുടര്‍ന്ന് നേരത്തെ ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, അര്‍ബുദം, മറ്റ് ജീവിതശൈലീ രോഗങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക.