ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @2047; ജില്ലാതല ആഘോഷങ്ങള്‍ക്ക് തുടക്കം

post


കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @2047 എന്ന പേരില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും നടപ്പാക്കി വരുന്ന വൈദ്യുതി മഹോത്സവത്തിന്റെ ജില്ലാതല ആഘോഷങ്ങള്‍ക്ക് തുടക്കം.


ചങ്ങനാശ്ശേരി എസ് ബി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടി അഡ്വ. ജോബ് മൈക്കിള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഊര്‍ജ്ജ ഉത്പാദനരംഗത്ത് മാതൃകാപരമായ മാറ്റമാണ് രാജ്യം കൈവരിച്ചതെന്നും ആ മുന്നേറ്റത്തിന് കേരളം കരുത്തു പകര്‍ന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ മാറ്റിയാണെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാ കളക്ടര്‍ ഡോ.പി കെ ജയശ്രീ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കായംകുളം എന്‍ റ്റി പി സി സീനിയര്‍ മാനേജര്‍ പി പ്രവീണ്‍ വിഷയാവതരണം നടത്തി. രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തെ ഊര്‍ജ്ജ മേഖലയില്‍ വന്ന മാറ്റങ്ങളും അതിലേക്ക് നയിച്ച വികസന പ്രവര്‍ത്തനങ്ങളും സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷത്തില്‍ എത്തുമ്പോള്‍ അടുത്ത 25 വര്‍ഷങ്ങള്‍ കൊണ്ട് ഊര്‍ജമേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഊര്‍ജ്ജ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വൈദ്യുതി മഹോത്സവം ആഘോഷിക്കുന്നത്. രാജ്യത്ത് ആവശ്യമുള്ളതിലും 1.85 ലക്ഷം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത്. നിലവില്‍ അധിക വൈദ്യുതി അയല്‍ രാജ്യങ്ങള്‍ക്ക് നല്‍കുകയാണ്.


ആഘോഷ പരിപാടിയുടെ ഭാഗമായി വൈദ്യുതി ഉപയോഗ ബോധവത്കരണത്തിനായി വൈദ്യുതി വകുപ്പിന്റെ വിവിധ ഹ്രസ്വ ചിത്രങ്ങളും ചങ്ങനാശ്ശേരി എസ.് ബി കോളജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഷോര്‍ട്ട് ഡ്രാമയും എസ്. ബി കോളജ് എംഎസ്സി വിദ്യാര്‍ത്ഥി കെ എം ഹരികൃഷ്ണന്‍ അവതരിപ്പിച്ച തില്ലാന നൃത്തവും ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. ആഘോഷ പരിപാടിയില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് കളക്ടര്‍ പി കെ ജയശ്രീ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.