അര്‍ഹരായ മുഴുവന്‍ ജനങ്ങളെയും റേഷന്‍ സമ്പ്രദായ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നു കേരളം

post

കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കേരളത്തിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങവിഭാഗങ്ങളെയും റേഷന്‍ സമ്പ്രദായത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു കേരള നിയമസഭയുടെ നടപടി ക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 118 പ്രകാരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു.

രാജ്യത്ത് ആദ്യമായി സാര്‍വത്രിക റേഷന്‍ സമ്പ്രദായം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഭക്ഷ്യ ഭദ്രത പ്രദാനം ചെയ്യുന്നതില്‍ സാര്‍വത്രിക റേഷന്‍ സമ്പ്രദായം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാകുന്നതുവരെ കേരളത്തില്‍ സാര്‍വത്രിക റേഷന്‍ സമ്പ്രദായം നിലനിന്നിരുന്നു. ഭക്ഷ്യ ഭദ്രത നിയമം 2016ല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയതോടുകൂടി കേരളത്തിലെ റേഷന്‍ സമ്പ്രദായം മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രമായി കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തി. കേരളത്തിലെ ജനസംഖ്യയുടെ 43 ശതമാനത്തിന് മാത്രമാണ് നിലവില്‍ റേഷന് അര്‍ഹതയുള്ളത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 1,54,80,040 (ഒരു കോടി അമ്പത്തിനാല് ലക്ഷത്തി എന്‍പതിനായിരത്തി നാല്പത്) പേര്‍ മാത്രമാണ് നിലവില്‍ റേഷന്‍ സമ്പ്രദായത്തിന് കീഴില്‍ വരുന്നത്. ഇതോടെ ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തിന്റെ ആനുകൂല്യത്തിന് അര്‍ഹരാകാന്‍ യോഗ്യതയുള്ള അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ മുന്‍ഗണന പട്ടിക പ്രകാരമുള്ള റേഷന്‍ സമ്പ്രദായത്തില്‍ നിന്നും പുറത്തായിരിക്കുകയാണ്.

മാര്‍ച്ച് 2023 വരെ നിര്‍ത്തലാക്കിയ ടൈഡ് ഓവര്‍ ഗോതമ്പ് വിഹിതം, മുന്‍ വര്‍ഷങ്ങളില്‍ നിരന്തരമായി വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം എന്നിവ അടിയന്തിരമായി പുനഃസ്ഥാപിക്കുന്നതോടൊപ്പം മത്സ്യ ബന്ധത്തിനുള്ള മണ്ണെണ്ണയുടെ വിഹിതം വര്‍ധിപ്പിച്ച് വില കുറയ്ക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുവാനും കേന്ദ്ര സര്‍ക്കാരിനോട് നിയമസഭ ആവശ്യപ്പെട്ടു.