ജില്ലയില്‍ 200 നവകേരളം പച്ചത്തുരുത്തുകള്‍

തിരിച്ചുപിടിക്കുന്നത് സ്വാഭാവിക ആവാസവ്യവസ്ഥ
കോട്ടയം: ജില്ലയില്‍ 200 നവകേരളം പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയായി. തിരിച്ചുപിടിക്കുന്നത് കിളികള്‍ക്കും മൃഗങ്ങള്‍ക്കുമായുള്ള സ്വാഭാവിക ആവാസ വ്യവസ്ഥ. പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. അര സെന്റിന് മുകളിലുള്ള സ്ഥലത്താണ് പച്ചത്തുരുത്ത് നിര്‍മിക്കുന്നത്. പ്രകൃതിയെ തന്നെ പാഠപുസ്തകമാക്കുക എന്ന ലക്ഷ്യത്തോടെ 35 സര്‍ക്കാര്‍ സ്കൂളുകളില്‍ പച്ചത്തുരുത്തുകളും ശലഭോദ്യാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ചെടികളെയും വൃക്ഷങ്ങളെയും കണ്ടറിഞ്ഞും പരിപാലിച്ചും പ്രകൃതിയിലെ അറിവുകള്‍ സ്വാംശീകരിക്കുന്നതിന് കുട്ടികള്‍ക്ക് അവസരം ഒരുക്കുന്നതാണ് പദ്ധതി. മുള ഇരിപ്പിടങ്ങളും സസ്യവേലികളും ഇവയുടെ മാറ്റുകൂട്ടുന്നു. മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് ചങ്ങലപ്പാലത്തും വാകത്താനം വാഴപ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഇടത്തറകടവ് ചീരഞ്ചിറയിലും വഴിയോര പച്ചത്തുരുത്തുകള്‍ സ്ഥാപിച്ചതോടെ വിനോദോപാധിയായി മാറി.
പേര, സീതപ്പഴം, നെല്ലി, നീര്‍മാതളം, ചാമ്പ, മന്ദാരം, ആര്യവേപ്പ്, നീര്‍മരുത്, ലാത്തിമുള, ചന്ദനം, രക്ത ചന്ദനം എന്നിങ്ങനെയുള്ള ഔഷധസസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍, തണല്‍മരങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍ തുടങ്ങിയവയാണ് ഇവിടെ നടുന്നത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം നഗരമേഖലയിലും തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ ഇവ സജ്ജീകരിക്കുകയും മൂന്നുവര്‍ഷം കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ 2019 ല്‍ വിഭാവനം ചെയ്ത പദ്ധതിക്കായി വൃക്ഷത്തെകള്‍ വനംവകുപ്പ് സാമൂഹികവനവല്‍ക്കരണ വിഭാഗം നല്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് മേല്‍നോട്ടചുമതല. ഹരിതകേരളമിഷന് പ്രവര്‍ത്തനങ്ങളുടെ പരിശോധനയും വിലയിരുത്തലും ജിയോ ടാഗിംഗും വീഡിയോ ഡോക്യുമെന്റേഷനും നടത്തുന്നു. കൃഷി വകുപ്പും നാഷണല്‍ സര്‍വീസ് സ്കീമും പങ്കാളികളാണ്. മണര്‍കാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയും ജില്ലാ ആയുര്‍വേദ ആശുപത്രിയും നവകേരളം പച്ചത്തുരുത്ത് പരിപാലിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തമ മാതൃകകളാണ്. രണ്ടാഴ്ചയ്ക്കകം നട്ടാശ്ശേരി പുത്തേട്ട് സര്‍ക്കാര്‍ യു.പി. സ്കൂളില്‍ പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമാകും.