ചണ്ഡാലഭിക്ഷുകി 'യ്ക്ക് ശതാബ്ദി; ശതാബ്ദിയാഘോഷം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു

post

മഹാകവി കുമാരനാശാന്റെ വിഖ്യാത കൃതിയായ ചണ്ഡാലഭിക്ഷുകി പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദിയാഘോഷം സാംസ്‌കാരിക വകുപ്പു മന്ത്രി വി .എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. വേദിയില്‍ ചണ്ഡാലഭിക്ഷുകി കവിത പാരായണം ചെയ്ത മന്ത്രി, അന്ധവിശ്വാസത്തിനും അധമ സംസ്‌കാരത്തിനുമെതിരെ സാംസ്‌കാരിക സമൂഹം പോരാടണമെന്നും അഭിപ്രായപ്പെട്ടു.


മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി സാംസ്‌കാരിക വകുപ്പും തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദേശീയതലത്തില്‍ സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, ആശാന്‍ കൃതികളുടെ പുതിയ പതിപ്പുകളുടെ പ്രകാശനം, പ്രബന്ധരചന-കാവ്യാലാപനം-കാവ്യ രചന തുടങ്ങി വിവിധമത്സരങ്ങള്‍, ദേശീയകവി സമ്മേളനം, ആശാന്‍ കവിതകളുടെ വ്യത്യസ്ത രംഗാവതരണങ്ങള്‍ തുടങ്ങിയവ ഇതിനോടനുബന്ധിച്ചു നടന്നു വരുന്നു.


വി.ശശി എം. എല്‍. എ അധ്യക്ഷനായ പരിപാടിയില്‍ കേരള സര്‍വകലാശാല അധ്യാപകന്‍ ഡോ. എം. എ സിദ്ധിഖ് ശതാബ്ദി പ്രഭാഷണം നടത്തി. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ നടന്ന സമ്മേളനത്തില്‍

ജില്ലാ പഞ്ചായത്ത് അംഗം എം. ജലീല്‍,ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പ്രൊഫ.വി.മധുസൂദനന്‍ നായര്‍ തുടങ്ങിയവരും പങ്കാളികളായി.