വൈക്കത്തെ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ നിര്‍മാണോദ്ഘാടനം ശനിയാഴ്ച

post

 മന്ത്രി സജി ചെറിയാന്‍ തറക്കല്ലിടും

കോട്ടയം: വൈക്കം നിവാസികളുടെ ചിരകാല സ്വപ്നമായ തിയറ്റര്‍ സമുച്ചയമെന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്നു. കിഫ്ബിയുടെ സഹായത്തോടെ കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) നിര്‍മിക്കുന്ന മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ജൂലൈ മൂന്നിന് രാവിലെ 11.30ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.

വൈക്കം ആറാട്ടുകുളങ്ങരയില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് തിയറ്റര്‍ നിര്‍മാണത്തിനുള്ള ഭൂമി കൈമാറും. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാര്‍ വിശിഷ്ടാതിഥിയാവും. കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, കെ.എസ്.എഫ്.ഡി.സി. മാനേജിങ് ഡയറക്ടര്‍ എന്‍. മായ റിപ്പോര്‍ട്ട് അവതരിപ്പിക്കും.


വൈക്കം ആറാട്ടുകുളങ്ങര ഫയര്‍ സ്റ്റേഷന് സമീപം നഗരസഭയുടെ 80 സെന്റ് ഭൂമിയിലാണ് തിയറ്റര്‍ സമുച്ചയം ഒരുങ്ങുന്നത്. 190 സീറ്റ് വീതമുള്ള രണ്ടു സ്‌ക്രീനുകളോട് കൂടിയതാണ് തിയറ്റര്‍. 20315 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില കെട്ടിടം 14.75 കോടി രൂപ ചെലവിലാണ് നിര്‍മിക്കുക. നിര്‍മാണ കാലാവധി ഒരു വര്‍ഷമാണ്. ലിഫ്റ്റ്, ഫുഡ് കോര്‍ട്ട്, ശുചിമുറികള്‍, വാഹന പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളും ഇതോടൊപ്പം ഒരുക്കും.


ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായകരായ വൈക്കം വിജയലക്ഷ്മി, ദേവാനന്ദ് തുടങ്ങിയവര്‍ നയിക്കുന്ന സംഗീത വിരുന്നും നടക്കും. സംവിധായകരായ എബ്രിഡ് ഷൈന്‍, തരൂണ്‍ മൂര്‍ത്തി, ഗായകരായ വൈക്കം വിജയലക്ഷ്മി, ദേവാനന്ദ്, വാദ്യകലാകുപതി രാമക്കുറുപ്പ്, നാദസ്വര വിദ്വാന്‍ വൈക്കം ഷാജി, തിമില ആചാര്യന്‍ ചന്ദ്രന്‍ മാരാര്‍, ചലച്ചിത്ര-നാടക അഭിനേതാക്കളായ രമേഷ് പിഷാരടി, ചെമ്പില്‍ അശോകന്‍, പ്രദീപ് മാളവിക, വൈക്കം ബിനു, നാഗേഷ് ബാബു, ഗാനരചയിതാവും തിരക്കഥാകൃത്തുമായ അഡ്വ. സുധാംശു, നാടക-ഗാന അവാര്‍ഡ് ജേതാവ് ബി. ഹരികൃഷ്ണന്‍, ഫോട്ടോഗ്രാഫര്‍ ഡി. മനോജ്, വൈക്കം നഗരസഭ മുന്‍ ചെയര്‍മാന്‍മാരായ എന്‍. അനില്‍ ബിശ്വാസ്, എസ്. ഇന്ദിരാദേവി, പി. ശശിധരന്‍, ബിനു വി. കണ്ണേഴന്‍, പാപ്പാടി, വൈക്കം തീയറ്റര്‍ ഉടമ പി.എം. മാത്യു, മൈക്ക് അനൗണ്‍സര്‍ ജനാര്‍ദ്ദനന്‍, ടിക്കറ്റ് ്കൗണ്ടര്‍ - പോസ്റ്റര്‍ ഒട്ടിക്കല്‍ തൊഴിലാളികളായ സി.കെ. തമ്പി, ചന്ദ്രശേഖരന്‍ നായര്‍, കിറ്റ്‌കോ എം.ഡി. ഹരിനാരായണരാജ് തുടങ്ങി വൈക്കം നിവാസികളായ കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ വിശിഷ്ട വ്യക്തികളെ ആദരിക്കും.