പ്രകൃതിയോട് ഇണങ്ങിയുള്ള അതിജീവനം പങ്കുവെച്ച് ശില്പശാല

post

*മാതൃകയായി മാങ്കുളം

ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ് സ്‌കേപ്പ് പ്രോജക്ട് ശില്‍പശാലയിലെ സുസ്ഥിര ജീവിതശൈലിയിലൂടെ ഹരിത സമ്പദ്വ്യവസ്ഥയിലേക്ക് കടക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത സെഷന്‍ പങ്കുവെച്ചത് അധികവും വിജയഗാഥകളായിരുന്നു. മാങ്കുളം പഞ്ചായത്തിന്റെ ജൈവ രീതിയിലൂന്നിയ കാര്‍ഷിക മുന്നേറ്റ മാതൃക ഏറെ അഭിനന്ദനം നേടി.

ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ അനുഭവം പങ്കിടല്‍. ദീര്‍ഘാകാലം ലാഭം ലഭിക്കുന്നതിനുള്ള സാധ്യത, വിപണിയില്‍ നല്ല വില ലഭ്യമാക്കുക തുടങ്ങിയവ വെല്ലുവിളിയായ സാഹചര്യത്തില്‍ പ്രത്യേക ഇടപെടല്‍ നടത്തിയാണ് നേട്ടമുണ്ടാക്കിയതെന്ന് കെ. എ. ഡി. എസ് ഡയറക്ടര്‍ ആന്റണി പറഞ്ഞു. ജൈവ കൃഷി രീതിയില്‍ പരിശീലനം നല്‍കുകയും കൃഷിയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ നല്‍കുകയും വിപണി കണ്ടെത്തുകയും ചെയ്തത് നേട്ടമായി. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് കയറ്റുമതിയിലൂടെ വിപണി വിലയെക്കാള്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.

ചിന്നാര്‍ വന്യജീവി സങ്കേത പ്രദേശത്തെ കൃഷിയിലെ നേട്ടവും സെഷനില്‍ പങ്കുവെച്ചു. ഈ പ്രദേശങ്ങളിലെ കുട്ടികളില്‍ കണ്ടെത്തിയ പോഷകാഹര കുറവ് പരിഹരിക്കുന്നതിനാണ് റാഗി ഉള്‍പ്പെടെ 35 ഇനം ചെറു ധന്യങ്ങളുടെ കൃഷി ആരംഭിച്ചത്. ഇത് കൂടുതല്‍ പ്രദേശങ്ങളില്‍ വ്യാപിപ്പിക്കുകയും വരുമാന ദായകമാക്കുകയും ചെയ്തുവെന്ന് ഇവിടെ സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന കെ വി മിനിമോള്‍ പറഞ്ഞു. യു എന്‍ ഡി പി, വനം വകുപ്പ്, പഞ്ചായത്ത് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കിയത്.

കരിമ്പ് കൃഷി ഉള്‍പ്പെടെയുള്ള കൃഷിരീതികളില്‍ സജീവമായി മുന്നോട്ട് പോകാന്‍ യു എന്‍ ഡി പി പദ്ധതി സഹായകമായെന്ന് മറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ പറഞ്ഞു. ഇതോടൊപ്പം ഹരിതകര്‍മ സേനയുടെ സഹകരണത്തോടെ പഞ്ചായത്തിലെ മാലിന്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചു.

വാണിജ്യ പ്രാധാന്യമുള്ള ഉള്‍നാടന്‍ മാത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി പദ്ധതി വഴി നടപ്പാക്കിയ ഇടപെടല്‍ ഫലം കണ്ടുവെന്ന് കെ. യു. എഫ്. ഒ. എസ് പ്രതിനിധി ഡോ. അന്‍വര്‍ അലി പറഞ്ഞു. ഇടമലയാര്‍ അണക്കെട്ടില്‍ അര ലക്ഷത്തോളം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കാന്‍ കഴിഞ്ഞതും കൂടുതല്‍ വിളവിനായി ഈ മേഖലയില്‍ സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായതും നേട്ടമാണ്.

ഗ്രാമങ്ങളിലും ഊരുകളിലും സുലഭമായി ലഭിക്കുന്ന വിഭവങ്ങള്‍ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റി വരുമാന സുരക്ഷ നേടാന്‍ തദ്ദേശീയരെ പ്രാപ്തമാക്കുന്നതിനെക്കുറിച്ച് ധാര ലൈവ്ലിഹുഡ് പ്രതിനിധി ഡോ. മഞ്ജു വാസുദേവന്‍ വിശദീകരിച്ചു.

പ്രകൃതി സൗഹൃദ സംരംഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആവശ്യമായ പിന്തുണ നല്‍കുന്നുവെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ബിസിനസ് ഡെവലപ്പ്മെന്റ് ആന്‍ഡ് സ്റ്റാര്‍ട്ടപ്പ് ലൈഫ്സൈക്കിള്‍ ഹെഡ് അശോക് കുര്യന്‍ പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ ഇടയുള്ള പ്രദേശങ്ങളെ തിരഞ്ഞെടുത്തു പദ്ധതി നടപ്പാക്കാന്‍ തയ്യാറായ യു എന്‍ ഡി പി ഇടപെടലിനെ പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്സ് പ്രശംസിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ കൂടി സഹകരണം ഉള്ളതുകൊണ്ടാണ് പദ്ധതി നല്ല രീതിയില്‍ നടപ്പാക്കാന്‍ സാധിക്കുന്നതെന്ന് യു എന്‍ ഡി പി പ്രൊജക്റ്റ് ഓഫിസര്‍ ടോണി ജോസ് വ്യക്തമാക്കി.