ഹയര്‍ സെക്കന്‍ഡറി ഫലം: 83.87 ശതമാനം പേര്‍ക്ക് ഉപരിപഠന യോഗ്യത

* വിജയ ശതമാനം കൂടുതല്‍ കോഴിക്കോട്, കുറവ് വയനാട്
* 78 സ്കൂളുകളില്‍ 100 % വിജയം
2022 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 83.87 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 2028 സ്കൂളുകളിലായി സ്കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ 3,61,091 പേര് പരീക്ഷ എഴുതിയതില്‍ 3,02,865 പേര് ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 87.94 ശതമാനം പേരാണ് ഉപരിപഠന യോഗ്യത നേടിയത്. ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ സ്കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണയിച്ചത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണ്ണയ രീതിയാണ് അവലംബിച്ചതെന്ന് പരീക്ഷാ ഫലം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി. വി. ശിവന്‍കുട്ടി പറഞ്ഞു.
1,89,370 പെണ്‍കുട്ടികളില്‍ 1,69,095 പേരും (89.29%), 1,73,306 ആണ്‍കുട്ടികളില്‍ 1,34,871 പേരും (77.82%) ഉന്നത പഠനത്തിന് യോഗ്യത നേടി. 1,79,153 സയന്‍സ് വിദ്യാര്‍ഥികളില്‍ 1,54,320 പേരും (86.14%), 72,983 ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥികളില്‍ 55,183 പേരും (75.61%), 1,08,955 കോമേഴ്സ് വിദ്യാര്‍ഥികളില്‍ 93,362 പേരും (85.69%) ഉന്നത പഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തില്‍ 35,455 ല്‍ 21,599 പേരും (60.91%) പട്ടികവര്‍ഗ വിഭാഗത്തില്‍ 5,622 ല്‍ 3,002 പേരും (53.39%) ഒ.ഇ.സി. വിഭാഗത്തില്‍ 12,967 ല്‍ 9,493 പേരും (73.20%) ഒ.ബി.സി വിഭാഗത്തില്‍ 2,27,763 ല്‍ 1,96,886 പേരും (86.44%) ജനറല്‍ വിഭാഗത്തില്‍ 79,284 ല്‍ 71,885 പേരും (90.66%) ഉന്നത പഠനത്തിന് അര്‍ഹത നേടി.
ഗവണ്മെന്റ് മേഖലയിലെ സ്കൂളുകളില്‍ നിന്ന് 1,53,673 ല്‍ 1,25,581 പേരും (81.72%) എയ്ഡഡ് മേഖലയിലെ 1,83,327 ല്‍ 1,57,704 പേരും (80.02%) അണ്‍എയ്ഡഡ് മേഖലയിലെ 23,884 ല്‍ 19,374 പേരും (81.12%) ഉന്നത പഠനത്തിന് യോഗ്യരായി.
റഗുലര്‍ സ്കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ 28,450 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടി. ഇതില്‍ 22,117 പേര് പെണ്‍കുട്ടികളും 6,333 പേര് ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ 19,490 പേര്‍ക്കും ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ നിന്ന് 2,871 പേര്‍ക്കും കോമേഴ്സ് വിഭാഗത്തില്‍ നിന്ന് 6,089 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് ലഭിച്ചു. ഇതില്‍ 53 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും (1200/1200) ലഭിച്ചു.
52,432 പേര് എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോ അതിനു മുകളിലോ നേടിയപ്പോള്‍ 54,557 പേര് എല്ലാ വിഷയങ്ങള്‍ക്കും ബി+ ഗ്രേഡോ അതിനു മുകളിലോ 61,893 പേര് എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ 64,059 പേര് സി+ ഗ്രേഡോ അതിനു മുകളിലോ 41,419 പേര് സി ഗ്രേഡോ അതിനു മുകളിലോ 56 പേര് ഡി+ ഗ്രേഡോ അതിനു മുകളിലോ നേടി. 58,099 പേര്‍ക്ക് ഡി ഗ്രേഡും 72 പേര്‍ക്ക് ഇ ഗ്രേഡുമാണ് ലഭിച്ചിട്ടുള്ളത്.
വിജയ ശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട് ജില്ലയിലും (87.79%) എറ്റവും കുറവ് വയനാട് ജില്ലയിലുമാണ് (75.07%). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ (784 പേര്) പരീക്ഷയ്ക്ക് സജ്ജരാക്കിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 89.92% പേര് ഉന്നത പഠനത്തിന് യോഗ്യരായി. മലപ്പുറം ജില്ലയിലെ എസ്.വി. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പാലേമേട്, എം.എസ്.എം. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കല്ലിങ്ങല്‍പ്പറമ്പ, എന്നീ സ്കൂളുകളില്‍ യഥാക്രമം 741 ഉം 714 ഉം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. വിജയശതമാനം യഥാക്രമം 85.43 ഉം 96.64 ഉം ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ ഗ്രേഡിനര്‍ഹരാക്കിയ ജില്ല മലപ്പുറം (4,283) ആണ്. നൂറുശതമാനം വിജയം കരസ്ഥമാക്കിയ 78 സ്കൂളുകളാണുള്ളത്. മുപ്പതില്‍ താഴെ വിജയശതമാനമുള്ള സ്കൂളുകളുടെ എണ്ണം 17 ആണ്.
ഹയര്‍ സെക്കന്‍ഡറിയുടെ സിലബസ് പിന്തുടരുന്ന 15 ടെക്നിക്കല്‍ സ്കൂളുകളില്‍ നിന്നായി 1,518 പേര് പരീക്ഷ എഴുതിയതില്‍ 1,043 പേര് ഉന്നത പഠനത്തിന് യോഗ്യത നേടി (68.71%). 33 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് ലഭിച്ചു.
കേരള കലാമണ്ഡലം ആര്‍ട്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 67 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 58 പേര് ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം 86.57.
44,890 വിദ്യാര്‍ഥികള്‍ സ്കോള്‍ കേരള മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതി. ഇതില്‍ 21,185 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 47.19. 583 പേര് എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് നേടി. സയന്‍സ് വിഭാഗത്തില്‍ നിന്ന് 980 പേരില്‍ 911 പേരും (92.96%), ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ നിന്ന് 28,320 പേരില്‍ 12,977 പേരും (45.82%), കോമേഴ്സ് വിഭാഗത്തില്‍ നിന്ന് 15,590 പേരില്‍ 7,297 പേരും (46.81%) ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ പഠന വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര് പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിലാണ് 18,446 പേര്.
2010 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എഴുതി ഉപരിപഠനത്തിന് യോഗ്യത നേടാത്തവരും 2022 ജനുവരി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതിയവരും 2022 മാര്‍ച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരുമടങ്ങുന്ന പ്രൈവറ്റ് കമ്പാര്‍ട്ട്മെന്റല്‍ വിഭാഗത്തില്‍ 15,324 പേര് പരീക്ഷ എഴുതിയതില്‍ 5,636 പേര് ഉപരി പഠന യോഗ്യത നേടി. വിജയശതമാനം 36.78.
ഒന്നും രണ്ടും വര്‍ഷത്തെ പൊതുപരീക്ഷകളുടെ സ്കോറുകളും നിരന്തര മൂല്യനിര്‍ണയ സ്കോറും പ്രായോഗിക പരീക്ഷയുടെ സ്കോറും സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഷയത്തിനും ലഭിച്ച മൊത്തം സ്കോറും ഗ്രേഡും സര്‍ട്ടിഫിക്കറ്റില്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റിന്റെ വിതരണം ജൂലൈ മാസം പൂര്‍ത്തീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. 2013 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ സീലും പ്രിന്‍സിപ്പലിന്റെ ഒപ്പും രേഖപ്പെടുത്തിയാണ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റിന്റെ കൗണ്ടര്‍ ഫോയിലുകള്‍ സ്കൂളില്‍ സൂക്ഷിക്കണം. കംപാര്‍ട്ട്മെന്റലായി പരീക്ഷ എഴുതി ഉന്നത പഠനത്തിനു യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് അവര്‍ മുന്‍ പരീക്ഷയില്‍ യോഗ്യത നേടിയ സ്കോറുകളും ഇത്തവണ നേടിയ സ്കോറുകളും ചേര്‍ത്തുള്ള കണ്‍സോളിഡേറ്റഡ് സര്‍ട്ടിഫിക്കറ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഡയറക്ടറേറ്റില്‍ നിലവിലുണ്ട്. കുട്ടികളുടെ ഫോട്ടോയും മറ്റു അനുബന്ധ വിവരങ്ങളും ഉള്‍പ്പെടുത്തിയ പരിഷ്കരിച്ച സര്‍ട്ടിഫിക്കറ്റുകളാണ് 2020 മുതല്‍ നല്കി വരുന്നത്.
2022 മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2022 ലെ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാ നോട്ടിഫിക്കേഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിനോ ഉത്തരക്കടലാസുകളുടെ പകര്‍പ്പിനോ സൂക്ഷ്മ പരിശോധനയ്ക്കോ അപേക്ഷിക്കാം. ഇരട്ട മൂല്യ നിര്‍ണ്ണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങള്‍ക്ക് പുനര്‍മൂല്യ നിര്‍ണയവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കില്ല. എന്നാല്‍ അവര്‍ക്ക് ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് അപേക്ഷിക്കാം. അപേക്ഷകള്‍, അവരവര്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളിലാണ് സമര്‍പ്പിക്കേണ്ടത്. ഡയറക്ടറേറ്റില്‍ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷാഫോറങ്ങളുടെ മാതൃക സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്. അപേക്ഷകള്‍ ജൂണ്‍ 22 മുതല്‍ സ്കൂളുകളില്‍ സമര്‍പ്പിക്കാം. നോട്ടിഫിക്കേഷന്‍ ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭിക്കും.