സെപ്റ്റംബര്‍ 30 നകം 3,000 ഫയലുകള്‍ തീര്‍പ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

post

സെപ്റ്റംബര്‍ 30 നകം മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന 3,000 ഫയലുകള്‍ തീര്‍പ്പാക്കുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വകുപ്പുകളിലെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആകെ 7,515 ഫയലുകളാണ് വകുപ്പിന് കീഴില്‍ തീര്‍പ്പാക്കാനുള്ളത്. വിവിധ കാരണങ്ങളാല്‍ ഏറെക്കാലമായി നടപടിയില്ലാതെ കിടക്കുന്ന അപേക്ഷകള്‍ ഉള്‍പ്പെടെയുള്ളവ ഉടന്‍ തീര്‍പ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടപ്പാക്കുന്നത്. വലുതും ചെറുതുമായ അപേക്ഷകള്‍ ഓരോരുത്തരുടെയും ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.

തീര്‍പ്പാകാതെ കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം വിജയകരമായി പൂര്‍ത്തിയാക്കാന്‍ രാണ്ടാഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. തീര്‍പ്പാക്കാന്‍ പ്രയാസമുള്ളവ പ്രത്യേകമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യ ആഴ്ചയില്‍ 555 ഫയലുകള്‍ തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നേരിട്ടും ഓണ്‍ലൈന്‍ വഴിയും ലഭിക്കുന്ന അപേക്ഷകള്‍ കഴിയുന്നത്ര വേഗത്തില്‍ നടപടിയെടുക്കാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. ക്ഷീര മേഖലയില്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനായി ധാരാളം അപേക്ഷകള്‍ ദിവസവും ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.