വൈവിധ്യങ്ങളില്‍ ഐക്യത്തിന്റെ അടിസ്ഥാനം ഭരണഘടന

post


ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എല്ലാവരേയും ഒന്നിച്ചു നിര്‍ത്തുന്ന ബൃഹത്തായ നിയമ രേഖയായ ഇന്ത്യന്‍ ഭരണഘടനയാണ് വൈവിധ്യങ്ങളില്‍ ഐക്യത്തിന്റെ അടിസ്ഥാനമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊല്ലത്തെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരതാ ജില്ലയാക്കി മാറ്റുന്നതിനുള്ള ദി സിറ്റിസണ്‍ ക്യാമ്പയിന്റെ കൊട്ടാരക്കര ബ്ലോക്ക് തല ഉദ്ഘാടനം സ്വരാജ് പുരസ്‌കാര ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ ചരിത്രം, പശ്ചാത്തലം, ആമുഖം, അടിസ്ഥാന തത്വങ്ങള്‍, മൗലിക അവകാശങ്ങള്‍, കടമകള്‍, ഭരണഘടനയും കോടതിയും എന്നീ വിഷയങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്നും ഇത് ലോകത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഭരണഘടന ആമുഖ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി കൊട്ടാരക്കര ഗാന്ധിമുക്കില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് വരെ ഭരണഘടനാ സന്ദേശറാലി സംഘടിപ്പിച്ചു .