2024ഓടെ ഗ്രാമീണ മേഖലകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കും

post



ആലപ്പുഴ: 2024ഓടെ ഗ്രാമീണ മേഖലകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടനാട്ടിലെ വലിയകരി പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണ നിർമ്മാണത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് മാസം കൊണ്ട് പത്ത് ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.

നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.31 കോടി രൂപയാണ് വലിയകരി പാടശേഖര പുറംബണ്ട് സംരക്ഷണ നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. വലിയകരി പാടശേഖരത്തിന്റെ പുറംബണ്ട് നിർമിക്കുന്നതിലൂടെ 100 ഹെക്ടർ പ്രദേശം സംരക്ഷിക്കാൻ സാധിക്കും. പാടശേഖരത്തിൻറെ 4500 മീറ്റർ നീളമുള്ള പുറംബണ്ട് ചെളി ഇട്ട് ഉയരംകൂട്ടി ബലപ്പെടുത്തും.  നാട്ടുതോടിന്റെ ഭാഗത്ത് നിലവിലുള്ള കൽക്കെട്ട് 350 മീറ്റർ ബലപ്പെടുത്തും. പമ്പാ നദിയുടെ ഭാഗത്ത് 30 മീറ്റർ പുതിയ കൽക്കെട്ടും നിർമിക്കും- മന്ത്രി പറഞ്ഞു.

തോട്ടുകടവ് ബോട്ട് ‌ജെട്ടിക്ക് സമീപം നടന്ന യോഗത്തിൽ തോമസ് കെ. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.