പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് വിതരണം ചെയ്തു

post

ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും

സംസ്ഥാനത്തെ 10,889 യാനങ്ങളിലെ 14,332 എന്‍ജിനുകള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂന്തുറയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന 12,000 ത്തിലധികം യാനങ്ങള്‍ മണ്ണെണ്ണ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവയ്ക്ക് പ്രതിവര്‍ഷം 98,163 കിലോലിറ്റര്‍ മണ്ണെണ്ണ ആവശ്യമാണ്. എന്നാല്‍ നമ്മുടെ സംസ്ഥാനത്തെ മത്സ്യതൊഴിലാളികള്‍ക്ക് ആവശ്യമായ മണ്ണെണ്ണയുടെ കാല്‍ഭാഗം പോലും കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

2022-23 ആദ്യ പാദത്തില്‍ സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണയുടെ അളവിലും കേന്ദ്ര സര്‍ക്കാര്‍ 40 ശതമാനം വെട്ടിക്കുറച്ചിരുന്നു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയെ നേരില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ 20,000 കിലോ ലിറ്റര്‍ മണ്ണെണ്ണ കൂടി അധികമായി അനുവദിച്ചതായും ഇത് ഗാര്‍ഹികാവശ്യങ്ങള്‍ക്കും പൂര്‍ണ്ണമായും പര്യാപ്തമല്ലെന്നും മന്ത്രി പറഞ്ഞു. 2015-2016 കാലഘട്ടത്തില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില 56 രൂപയായിരുന്നത് ഇപ്പോള്‍ 124 രൂപയാണ്. ഇത് കേരളത്തിലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. പൊതുവിതരണ ശൃംഖല വഴി മത്സ്യതൊഴിലാളികള്‍ക്ക് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്ന സബ്സിഡി രഹിത മണ്ണെണ്ണയുടെ അളവ് കുറയുകയും വില വര്‍ദ്ധിച്ച് നിലവില്‍ 81 രൂപയിലെത്തി നില്‍ക്കുകയുമാണ്. സബ്സിഡി രഹിത മണ്ണെണ്ണയ്ക്ക് പുറമെ ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 25 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് സബ്സിഡി നല്‍കി നിശ്ചിത അളവ് മണ്ണെണ്ണ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ മത്സ്യഫെഡ് വഴി മാസം തോറും വിതരണം ചെയ്യുന്നു. പെട്രോള്‍, ഡീസല്‍, പാചകവാതകങ്ങളുടെ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വില വര്‍ദ്ധനവ് വിലക്കയറ്റത്തിന് കാരണമാകുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.