23,300 പഠനമുറികള്‍, 278 സാമൂഹ്യപഠനമുറികൾ : എല്ലാവര്‍ക്കും വിദ്യാഭ്യാസം ലക്ഷ്യം

post

മികവോടെ മുന്നോട്ട്: 58

----

പഠിക്കാന്‍ സ്വന്തമായൊരു മുറി


വീട്ടില്‍ പഠിക്കാന്‍ സ്വന്തമായൊരിടം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. സൗകര്യങ്ങളില്ലാതെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് അതിനുളള സംവിധാനം ഒരുക്കുകയാണ് സര്‍ക്കാര്‍. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ വിദ്യാസമ്പന്നരാക്കാന്‍ അവരുടെ വീടിനോട് ചേര്‍ന്ന് പഠനമുറി നിര്‍മിച്ചു നല്‍കി വരികയാണ്. പട്ടികജാതിക്കാര്‍ക്ക് വീടിനോട് ചേര്‍ന്ന് ഒരു പഠനമുറിയും, പട്ടികവര്‍ഗക്കാര്‍ക്ക് 30 പേര്‍ക്ക് ഒരു പഠനമുറി എന്ന രീതിയില്‍ സാമൂഹ്യപഠനമുറിയുമാണ് നിര്‍മ്മിച്ച നല്‍കുന്നത്. 


2017 മുതല്‍ ആരംഭിച്ച പഠനമുറി പദ്ധതിയില്‍ 120 ചതുരശ്ര അടി വലിപ്പത്തില്‍ നിര്‍മ്മിക്കുന്ന ഒരു മുറിയ്ക്ക് 2 ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. മേല്‍ക്കൂര കോണ്‍ക്രീറ്റ്, ചുവരുകളുടെ പ്ലാസ്റ്റര്‍, തറ ടൈല്‍ പാകുക, വാതില്‍, ജനല്‍, ഭിത്തി അലമാര, വൈദ്യുതീകരിച്ച് ലൈറ്റ്, ഫാന്‍ എന്നിവ സ്ഥാപിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്. ധനസഹായ തുക നാല് ഘട്ടങ്ങളായാണ് ലഭിക്കുക. 2017-2022 വരെ അനുവദിച്ച 29,851 പഠനമുറികളില്‍ 23,300 എണ്ണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 557,90,93,677 രൂപയാണ് പഠനമുറിക്ക് ചെലവാക്കിയ തുക. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 5000 പഠനമുറികള്‍ അനുവദിച്ചതില്‍ 4978 എണ്ണം നിര്‍മ്മാണം ആരംഭിക്കുകയും 1655 എണ്ണം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. 


പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് , ഭാഷാപരമായ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യ പഠനമുറി പദ്ധതി ആരംഭിക്കുന്നത്. 450 ചതുരശ്ര അടി വിസ്തീര്‍ണമുളള ഹാളുകളാണ് ഊരുകളില്‍ സാമൂഹ്യപഠനമുറിയായി തെരഞ്ഞെടുത്തിട്ടുള്ളത്. 30 കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് ഗൃഹപാഠങ്ങള്‍ ചെയ്യാനും പാഠഭാഗങ്ങളെ കുറിച്ചുള്ള സംശയ നിവാരണം വരുത്താനും ഈ വിഭാഗത്തിലെതന്നെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ ട്യൂട്ടര്‍മാരായി നിയമിച്ചിട്ടുണ്ട്. മേശ, കസേര, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്റ്റഡി ടേബിള്‍, എല്‍ഇഡി മോണിറ്റര്‍, ഡിസ്‌പ്ലേ, ലൈബ്രറി, ലഘുഭക്ഷണം എന്നീ സൗകര്യങ്ങളെല്ലാം പഠനമുറികളിലുണ്ട്. 


2017ല്‍ ആരംഭിച്ച സാമൂഹ്യപഠനമുറി പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 250 പഠനമുറികള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 7392 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിവരികയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 114 ഊരുകളിലായി 250 സാമൂഹ്യപഠനമുറികള്‍ ആരംഭിക്കുന്നതിനുളള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതില്‍ 28 എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തു. 


ഇതിനു പുറമേ, സംസ്ഥാന സാക്ഷരതാമിഷന്‍ പട്ടികവര്‍ഗ വിഭാഗത്തിനായി വിവിധ വിദ്യാഭ്യാസ തുല്യതാ പരിപാടികള്‍ നടത്തുന്നുണ്ട്. നിരക്ഷരത നിര്‍മ്മാര്‍ജനം ചെയ്യുന്നതിന്റെ ഭാഗമായാണ് അട്ടപ്പാടി/വയനാട് ആദിവാസി സാക്ഷരതാ പദ്ധതി, സമഗ്ര, 2000 കോളനി സാക്ഷരതാ പദ്ധതി, ആദിശ്രീ-ആറളം ആദിവാസി സാക്ഷരതാ പദ്ധതി, അട്ടപ്പാടി/വയനാട് ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതി, അക്ഷരലക്ഷം, മികവുത്സവം എന്നിങ്ങനെ വിവിധ പദ്ധതികള്‍ നടപ്പാക്കിവരുന്നത്. പത്താംതരം പാസായ പട്ടിക വര്‍ഗ പഠിതാക്കള്‍ക്ക് 3000 രൂപയും, ഹയര്‍ സെക്കന്ററി പാസായവര്‍ക്ക് 5000 രൂപയും പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യം പൂര്‍ണതയിലേക്കെത്തിക്കാന്‍ മുന്നോട്ടുളള യാത്രയിലാണ് കേരള സര്‍ക്കാര്‍.