യുദ്ധ സ്മാരകം യാഥാർത്ഥ്യത്തിലേക്ക്

post

രാജ്യത്തിന്റെ അഭിമാന താരകങ്ങളായ വീരജവാൻമാരുടെ സ്മരണ നിലനിർത്തുന്ന യുദ്ധ സ്മാരകം തലസ്ഥാനത്ത് നിർമ്മിക്കുക എന്ന ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. രാജ്യാന്തരതലത്തിലുള്ള യുദ്ധ സ്മാരകത്തിനായി വേളി ടൂറിസ്റ്റ് വില്ലേജിനോട് ചേർന്ന് ചെറുവക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 20ൽ റീ-സർവേ 664/Part ൽ ഉൾപ്പെട്ട 0.60.71 ഹെക്ടർ ഭൂമി സൈനിക ക്ഷേമ വകുപ്പിന് അനുവദിച്ച് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

യുദ്ധ സ്മാരക നിർമ്മാണത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ എന്ന നിലയിൽ, ഭൂമി ലെവൽ ആക്കുകയും ടോപോ ഗ്രാഫിക്കൽ സർവ്വേ നടത്തി ഭൂമിയുടെ ചുറ്റിലും കമ്പിവേലികെട്ടി തിരിക്കുകയും മണ്ണ് പരിശോധന നടത്തുകയും ചെയ്തു.

അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ് അദ്ധ്യക്ഷനായ യുദ്ധസ്മാരക കമ്മിറ്റി, പൊതുമരാമത്ത് വകുപ്പിന്റെ ആർക്കിടെക്ക് വിഭാഗം സമർപ്പിച്ച പ്ലാനിന് അംഗീകാരം നൽകുകയും അടിയന്തിര പ്രാധാന്യത്തോടുകൂടി യുദ്ധ സ്മാരകത്തിന്റെ നിർമ്മാണം തുടങ്ങുവാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ടെന്ന് സൈനിക് വെൽഫെയർ ഡയറക്ടർ അറിയിച്ചു. യുദ്ധസ്മാരക കമ്മിറ്റി അംഗീരിച്ച പ്ലാനിൽമേൽ പൊതുമരാമത്ത് വകുപ്പ് ചീഫ് ആർക്കിടെക്ട് സമർപ്പിച്ച യുദ്ധസ്മാരകത്തിന്റെ ഡിസൈനും സർക്കാർ അംഗീകരിച്ചിട്ടുണ്ട്.