കേരളത്തിന്റെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ ആഗോള മാതൃക

കോട്ടയം: കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ലോകക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മാതൃ-ശിശു മരണനിരക്ക്, ആയുർ ദൈർഘ്യം, കോവിഡ് പ്രതിരോധം തുടങ്ങിയ പ്രവർത്തനങ്ങളിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നത്. ക്ഷയരോഗവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിലനിന്നിരുന്ന ഭീതി അകറ്റാനും ആധുനിക മരുന്നുകളും ചികിത്സയും സമയത്ത് ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്. ക്ഷയരോഗ പ്രതിരോധ നടപടികളും ആശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി തുടരണമെന്നും മന്ത്രി പറഞ്ഞു.
ക്ഷയരോഗ നിർമ്മാർജ്ജനത്തിൽ കൈവരിച്ച നേട്ടങ്ങളിൽ വീഴ്ചയുണ്ടാകരുതെന്നും ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. മാനസിക ആരോഗ്യവും -വിഷാദവും എന്നവിഷയത്തിൽ ചങ്ങനാശേരി മീഡിയ വില്ലേജുമായി ചേർന്ന് ആരോഗ്യ വകുപ്പ് നടത്തിയ ലഘു വീഡിയോ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. മൾട്ടി മീഡിയ വിദ്യാർഥികളായ കിരൺ രാജ് ആൻഡ് ടീം, ഇമ്മ്രാൻ മുഹമ്മദ്, , ആൽബിൻ സി ബൈജു എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ക്ഷയരോഗനിർമ്മാർജ്ജനവും പൊതുജനപങ്കാളിത്തവും എന്ന വിഷയത്തിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. ഡോ. ഷിനോബി കുര്യൻ, ഡോ. എൽ. സന്തോഷ് എന്നിവർ ക്ലാസെടുത്തു.