ഗോത്രവർഗ മേഖലയിലെ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിന് ഭാസുര പദ്ധതിക്ക് തുടക്കം
കോട്ടയം: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഗോത്ര വർഗ വനിതാ ഭക്ഷ്യ ഭദ്ര കൂട്ടായ്മയായ ‘ഭാസുര’യുടെ രൂപീകരണത്തിന് ജില്ലയിൽ തുടക്കമായി. ഗോത്രവർഗ മേഖലയിലെ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
കാഞ്ഞിരപ്പള്ളി പുഞ്ചവയൽ ചെറുവള്ളി ദേവീ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയുടെയും ജനങ്ങളെ ഏറ്റവും കരുതലോടെ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ഭാസുര പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ ഗോത്രവർഗ ഊരുകളിലും ഒരു വനിതയെ ഭാസുരയുടെ കൺവീനറായി നിയമിക്കും. ഊരിലെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതോടൊപ്പം ഭക്ഷ്യ വിതരണത്തിലെ പരാതികളും അപാകതകളും സംബന്ധിച്ച വിവരങ്ങളും ഇവർ ഭക്ഷ്യ കമ്മീഷനെ അറിയിക്കും.