അടിമാലി ടൗണ്‍ ക്യാമറ നിരീക്ഷണത്തിലാക്കുന്ന വിഷന്‍ അടിമാലി നിര്‍മ്മാണോദ്ഘാടനം നടത്തി

post

ഇടുക്കി: അടിമാലി ടൗണിനെ ക്യാമറ നിരീക്ഷണത്തിലാക്കുന്ന പദ്ധതി വിഷന്‍ അടിമാലിയുടെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കം കുറിച്ചു.പൊതുജന പങ്കാളിത്തതോടെ ധനസമാഹരണം നടത്തി വ്യാപാരി വ്യവസായി ഏകോപനസമതിയുടെയും അടിമാലി ജനമൈത്രി പോലീസിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.നിര്‍മ്മാണോദ്ഘാടനം അഡ്വ. എ രാജ എം എല്‍ എ നിര്‍വ്വഹിച്ചു.അടിമാലി ടൗണിന്റെ പൂര്‍ണ്ണ വികസനത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് എംഎല്‍എ പറഞ്ഞു.പദ്ധതിയുടെ ഭാഗമായി 32 ക്യാമറകള്‍ ആദ്യഘട്ടമായി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.ഇതില്‍ നാലെണ്ണം രാത്രികാലത്തു പോലും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പകര്‍ത്താന്‍ കഴിയുന്ന നൈറ്റ് വിഷനോടു കൂടിയ ക്യാമറകളാണ്.അടിമാലി പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ക്യാമറകളുടെ നിരീക്ഷണ കേന്ദ്രം ക്രമീകരിക്കും.ഒരു മാസത്തിനുള്ളില്‍ പദ്ധതിയുടെ പൂര്‍ത്തീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.അടിമാലിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു അധ്യക്ഷത വഹിച്ചു.അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സുധീര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍,വ്യാപാരി വ്യവസായി ഏകോപന സമതി പ്രതിനിധികള്‍, ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജനകീയ കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.