ദുരിതബാധിത പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമം: മന്ത്രി കെ. രാജന്‍

post

നഷ്ടപ്പെട്ട രേഖകള്‍ നല്‍കാന്‍ പ്രത്യേക അദാലത്ത്

റവന്യൂമന്ത്രി മണിമലയിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

കോട്ടയം: മണിമലയടക്കം ദുരിതബാധിത മേഖലകളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ദ്രുതനടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് റവന്യൂ വകുപ്പു മന്ത്രി കെ. രാജന്‍ പറഞ്ഞു. മണിമലയിലെ ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാവരും ഒത്തൊരുമിച്ചുള്ള ദുരിതാശ്വാസ പ്രവര്‍ത്തനമാണ് നടക്കുന്നത്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കാന്‍ പ്രത്യേക അദാലത്ത് നടത്തും. മലവെള്ളപ്പാച്ചിലില്‍ മൂന്നാനിയിലെ മാവേലിസ്റ്റോറിന് സാരമായി കേടുപാടു സംഭവിച്ചിരുന്നു. ഇവിടെ തിങ്കളാഴ്ച മുതല്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ സേവനം ലഭ്യമാക്കും. ഭക്ഷ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന നൂലുവേലിക്കടവ് തൂക്കുപാലം പുനസ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ കെല്ലിനെയും ആവശ്യമെങ്കില്‍ തദ്ദേശസ്വയംഭരണ ഓവര്‍സിയര്‍മാരെയും ചുമതലപ്പെടുത്താന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളാവൂര്‍-കോട്ടാങ്ങല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ചെറുവള്ളി പാലം, പഴയിടം കോസ്വേ എന്നിവ നന്നാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വ്യാപാരികള്‍ക്കുണ്ടായ നഷ്ടവും മറ്റു പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വെള്ളംകയറിയ മണിമല പൊലീസ് സ്റ്റേഷന്‍ നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

വെള്ളംകയറി രേഖകളും സര്‍ട്ടിഫിക്കറ്റും മറ്റും നശിച്ച മണിമല മുണ്ടപ്ലാക്കല്‍ മുഹമ്മദ് അസ് ലമിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു. രേഖകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കി. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, എ.ഡി.എം. ജിനു പുന്നൂസ്, ജനപ്രതിനിധികള്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.