അതിദാരിദ്ര്യം ഇല്ലാതാകുന്നതിന് പദ്ധതി; പരിശീലനത്തിന് തുടക്കം

post

കോട്ടയം: അതിദാരിദ്ര്യം ഇല്ലാതാകുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ഉദ്യോഗസ്ഥ തല പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയിലുള്ള ഏഴു പഞ്ചായത്തുകള്‍ ഒഴികെ ഉള്ള ജില്ലയിലെ  മുന്‍സിപ്പല്‍ പഞ്ചായത്തു സെക്രട്ടറിമാര്‍ക്കുള്ള പരിശീലനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ നിര്‍വഹിച്ചു. പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ അധ്യക്ഷത വഹിച്ചു. കില ഫെസിലിറ്റെറ്റര്‍ ബിന്ദു അജി, കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആന്റോ എന്നിവര്‍ സംസാരിച്ചു. 

തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, നോഡല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍,ജനകീയ സമിതി അംഗങ്ങള്‍,കില റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനത്തിന്റെ ആദ്യഘട്ടമാണിത്.  ജനപങ്കാളിത്തതോടെ ഓരോ വാര്‍ഡിലും വിവരങ്ങള്‍ ശേഖരിക്കും. ഭക്ഷണമില്ലായ്മ, സുരക്ഷിതമായ വാസസ്ഥലമില്ലായ്മ, അടിസ്ഥാന വരുമാനമില്ലായ്മ, ആരോഗ്യപരമായ ദുഃഖസ്ഥിതി എന്നീ ഘടകങ്ങള്‍ ബാധകമായ അതിദരിദ്ര കുടുംബങ്ങളെയും വിവിധ കാരണങ്ങളാല്‍ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളില്‍ ഉള്‍പെടുത്താത്തവരെയും അര്‍ഹരായ അതിരിദ്രരെയും കണ്ടെത്തും. കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് ഡയറക്ടര്‍, പ്രോഗ്രാം ഡയറക്ടര്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നത്. പഞ്ചായത്ത്, വാര്‍ഡ് തലങ്ങളിലും ജനകീയ സമിതി രൂപീകരിക്കും. അര്‍ഹരായവരുടെ പട്ടിക പഞ്ചായത്ത് ഗ്രാമസഭകളില്‍ പരിശോധിച്ച് അംഗീകാരം നല്‍കും. നവംബര്‍ 20 വരെ ഏറ്റുമാനൂര്‍ചൈതന്യ പാസ്റ്റര്‍ സെന്റര്‍, ഭരണങ്ങാനം ഓശാന മൗണ്ട് എന്നിവിടങ്ങളിലാണ് പരിശീലനം.

തുടര്‍ന്ന് ബ്ലോക്ക് തലത്തില്‍ ജനപ്രതിനിധികള്‍ക്കും, ജനകീയ സമിതി അംഗങ്ങള്‍ക്കും പഞ്ചായത്ത് തലത്തില്‍ വാര്‍ഡ് ജനകീയ സമിതികള്‍, ഉദ്യോഗസ്ഥര്‍ ഫെസിലിറ്റേറ്റര്‍മാര്‍, എന്നിവര്‍ക്കും പരിശീലനം നല്‍കും. നവംബര്‍ 15നകം പരിശീലനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.