ഹൗസ് ബോട്ട് മാലിന്യസംസ്‌ക്കരണത്തിന് 85.94 ലക്ഷത്തിന്റെ സിവേജ് ബാര്‍ജ്ജ് റെഡി

post

ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 3) പൊതുമരാമത്ത്-ടൂറിസം മന്ത്രി നിര്‍വഹിക്കും

കോട്ടയം: വേമ്പനാട്ട് കായലിനെ ഹൗസ് ബോട്ട് മാലിന്യത്തില്‍ നിന്ന് മുക്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച സിവേജ് ബാര്‍ജ്ജ് നാളെ (ഒക്ടോബര്‍ 3) പ്രവര്‍ത്തന സജ്ജമാകും. ഹൗസ് ബോട്ടുകളില്‍ നിന്ന് മാലിന്യം നേരിട്ട് ശേഖരിച്ച് കുമരകം കവണാറ്റിന്‍ കരയിലെ മാലിന്യസംസ്‌ക്കരണ പ്ലാന്റില്‍ എത്തിച്ച് സംസ്‌ക്കരിക്കുന്നതിന് 85.94 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ബാര്‍ജ്ജിന്റെ പ്രവര്‍ത്തനോദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 

രാവിലെ 9.30 ന് കവണാറ്റിന്‍കരയില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി. മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ റിപ്പോര്‍ട്ടവതരിപ്പിക്കും.