സ്‌കൂളുകള്‍ തുറക്കാന്‍ വിപുലമായ തയ്യാറെടുപ്പ്: മുഖ്യമന്ത്രി

post

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ നേത്യത്വത്തില്‍ നാളെ (സെപ്റ്റംബര്‍ 23)  ഉന്നതതലയോഗം  ചേരും.   കരടു പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചര്‍ച്ച നടത്തും.   കുട്ടികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും.  സംസ്ഥാനതലത്തിലും ജില്ലാതലത്തിലും  അദ്ധ്യാപകരക്ഷകര്‍തൃ സമിതികളുമായും വിവിധ സംഘടനകളുമായും ചര്‍ച്ച നടത്തി വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്നവിധമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവ തുറക്കുന്ന സാഹചര്യത്തില്‍ യാത്രാവേളയില്‍ കുട്ടികളുടെ സുരക്ഷസംബന്ധിച്ച് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തും. വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ അനാവശ്യമായി കൂട്ടംകൂടാന്‍ ആരേയും അനുവദിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.