എന്‍.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി കെ.ടി.ജലീല്‍

post

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാനര്‍ കോഴിക്കോട് എന്‍.സി.സി. ഗ്രൂപ്പിന് സമ്മാനിച്ചു

തിരുവനന്തപുരം: രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ എന്‍.സി.സി. വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മാലിന്യനിര്‍മ്മാര്‍ജനം, ബോധവല്‍കരണം, ദുരിതാശ്വാസം എന്നീ മേഖലകളില്‍ കേഡറ്റുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീല്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മികച്ച എന്‍.സി.സി.ഗ്രൂപ്പിനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാനര്‍ കോഴിക്കോട് ഗ്രൂപ്പിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

                                                           ഐക്യം, മതനിരപക്ഷേത, അച്ചടക്കം, സാമൂഹ്യസേവനം തുടങ്ങിയവ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ എന്‍.സി. സിക്ക് വലിയ പങ്കാണുള്ളതെന്നും മന്ത്രി പറഞ്ഞു. തുടര്‍ച്ചയായ കഠിന പരിശീലനത്തിലൂടെ രാജ്യത്തെ മികച്ച യുവജന പ്രസ്ഥാനമായി എന്‍.സി.സി. വളര്‍ന്നു. കേഡറ്റുകള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനുള്ള അടിസ്ഥാന സൗകര്യ  വികസന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന എന്‍.സി.സി. കേഡറ്റുകള്‍ക്ക് ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായ കേഡറ്റുകള്‍ക്ക് പുരസ്‌കാരം നല്‍കി. 2019-20 ലെ സംസ്ഥാനത്തെ മികച്ച ബറ്റാലിയനുള്ള അവാര്‍ഡ് 31 കേരള ബറ്റാലിയന്റെ കമാണ്ടിംഗ് ഓഫീസര്‍ കേണല്‍ ജോസ് ഏറ്റുവാങ്ങി. മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡ് മൂവാറ്റുപുഴ ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പാളും കെ.ആര്‍.കെ.ഡി.എം.  ബി.എച്ച്.എസ്.ആന്റ് എച്ച്.എസ്. എസ്. പ്രിന്‍സിപ്പാളും ഏറ്റുവാങ്ങി.
ന്യൂഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന മത്സരങ്ങളില്‍  വ്യക്തിഗത ഇനങ്ങളില്‍ മെഡല്‍ നേടിയ കേഡറ്റുകളായ ഭാവന എസ്.പൈ, ഗൗരി ശങ്കര്‍ എസ്, സനത്ത്കൃഷ്ണ കെ., അര്‍പ്പിത രഞ്ജിത്, ആഷ്‌ലി അഗസ്റ്റിന്‍, സ്‌നേഹ എസ്, ദിപിന്‍ ദിവാകരന്‍, കാത്തിയ വര്‍ഗ്ഗീസ് തുടങ്ങിയവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. സാംസ്‌കാരിക പരിപാടിയില്‍ സംഘനൃത്തത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. രാജ്യത്തെ 17 എന്‍.സി. സി. ഡയറക്ടറേറ്റുകളിലുമായി നടന്ന മത്സരങ്ങളില്‍ കേരള എന്‍.സി.സിക്ക് എട്ടാം സ്ഥാനം ലഭിച്ചു.
                                                   76 ആണ്‍കുട്ടികളും 39 പെണ്‍കുട്ടികളും ഉള്‍പ്പെടെ 116 എന്‍.സി.സി. കേഡറ്റുകളും കണ്ടിജന്റ് കമാന്‍ഡര്‍ കേണല്‍ ജയകൃഷ്ണന്‍, 15 അംഗ പരിശീലകര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. റിപ്പബ്ലിക് ദിനത്തില്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടിയുടെ പുനരാവിഷ്‌കാരവും നടന്നു.ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ്, ഒഫിഷ്യേറ്റിംഗ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, ബ്രിഗേഡിയര്‍ എസ്.എല്‍.ജോഷി, കണ്ടിജന്റ് കമാന്‍ഡര്‍ കേണല്‍ ജയകൃഷ്ണന്‍, ഗ്രൂപ്പ് കമാന്‍ഡര്‍മാര്‍, ഉദ്യോഗസ്ഥര്‍, രക്ഷാകര്‍ത്താക്കള്‍, കേഡറ്റുകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NCC