മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി പുലിയൂര്‍ ഗ്രാമപഞ്ചായത്ത്

post

ആലപ്പുഴ : കോവിഡ് മഹാമാരിക്കോപ്പം തന്നെ ഡെങ്കിപ്പനി തുടങ്ങിയ കൊതുകുജന്യ പകര്‍ച്ചവ്യാധികളും രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി പുലിയൂര്‍ ഗ്രാമപഞ്ചായത്ത്.

വെള്ളക്കെട്ടുകള്‍ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി റോഡരികിലെ ഓടകളിലേയും തോടുകളിലേയും മാലിന്യവും മണ്ണും നീക്കി ആഴം കൂട്ടാനും കാടുവെട്ടിത്തെളിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പൊതുജന പങ്കാളിത്തത്തോടെയാണിവ നടക്കുന്നത്.

വാര്‍ഡ് തലത്തിലെ സാനിറ്റൈസേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കൊതുകു നശീകരണത്തിന്റെ ഭാഗമായി വീടുകളില്‍ കൊതുക് നശീകരണത്തിനുള്ള നടപടികളും ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ വരും ദിവസങ്ങളില്‍ നടപ്പിലാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ പറഞ്ഞു.