സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ളത് 2906 ഐസിയു കിടക്കകള്‍; മുഖ്യമന്ത്രി

post

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ളത് 2906 ഐസിയു കിടക്കകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതില്‍ 1404 കിടക്കകള്‍ കോവിഡ് രോഗികളുടേയും 616 കിടക്കകള്‍ കോവിഡേതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ 69.5 ശതമാനം ഐസിയു കിടക്കകളിലാണ് ഇപ്പോള്‍ ആളുകള്‍ ഉള്ളത്. സ്വകാര്യ ആശുപത്രികളിലെ 7468 ഐസിയു കിടക്കകളില്‍ 1681 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള ആകെ വെന്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതില്‍ 712 വെന്റിലേറ്ററുകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 139 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ മൊത്തം വെന്റിലേറ്ററുകളുടെ 37.1 ശതമാനമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 2432 വെന്റിലേറ്ററുകളില്‍ 798 എണ്ണമാണ് നിലവില്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

സംസ്ഥാനത്ത് ഒരു ദിവസം ഉപയോഗിക്കുന്നത് 135.04 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആണ്. 239.24 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഒരു ദിവസം ഇവിടെ ലഭ്യമാകുന്നുണ്ട്. സംസ്ഥാനത്ത് 145 ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 19,098 കിടക്കകളാണുള്ളത്. അതില്‍ 7544 കിടക്കകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. 60.5 ശതമാനം കിടക്കകള്‍ ഒന്നാം തല ചികിത്സ കേന്ദ്രങ്ങളില്‍ ഇനിയും ലഭ്യമാണ്. രണ്ടാം തല കോവിഡ് കേന്ദ്രങ്ങള്‍ 87 എണ്ണമാണ്. അത്രയും കേന്ദ്രങ്ങളിലായി ലഭ്യമായ 8821 കിടക്കകളില്‍ 4370 കിടക്കകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നു. 50 ശതമാനത്തോളം കിടക്കകള്‍ രണ്ടാം തല കോവിഡ് കേന്ദ്രങ്ങളില്‍ ഇനിയും അവശേഷിക്കുന്നു.

517 ഗൃഹവാസ പരിചരണ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. 22,750 കിടക്കകളാണ് ലഭ്യമായിട്ടുള്ളത്. അതില്‍ ഏകദേശം 30 ശതമാനം കിടക്കകളില്‍ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നു.

നിലവില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായിട്ടുള്ളത് 232 സ്വകാര്യ ആശുപത്രികളാണ്. അത്രയും ആശുപത്രികളിലായി 18,540 കിടക്കകള്‍, 1804 ഐസിയു കിടക്കകള്‍, 954 വെന്റിലേറ്ററുകള്‍, 5075 ഓക്‌സിജന്‍ കിടക്കകള്‍ എന്നിവ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്.

കേന്ദ്രം നല്‍കിയ വാക്‌സിന്‍ തീര്‍ന്നിട്ടുണ്ട്. ഇക്കാര്യം വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി വിളിക്കുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അറിയിക്കും.

പുതിയ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ മൂന്നെണ്ണം വളരെ കൂടുതലായി വ്യാപിച്ചിട്ടുള്ളത് കരുതിയിരിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാസ്‌ക് അടക്കമുള്ള ആരോഗ്യ സംബന്ധിയായ വസ്തുക്കളുടെ വില കാര്യത്തിലെ പ്രശ്‌നങ്ങള്‍ കൃത്യമായി റിവ്യു ചെയ്ത് വേണ്ട തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കി.

മത്സ്യത്തൊഴിലാളികള്‍ കുറെയായി കടലില്‍ പോകുനില്ല. അതിനാല്‍ ഈ ഘട്ടത്തില്‍ അവര്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കും.

പൈനാപ്പിള്‍ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിര്‍മാണ തൊഴിലാളികളെ പോലെ അവര്‍ക്ക് പൈനാപ്പാള്‍ തോട്ടത്തില്‍ പോകാന്‍ നിയന്ത്രണങ്ങളോടെ ജില്ലാ ഭരണ സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കാം.

പാല്‍ വിതരണത്തില്‍ സംസ്ഥാനത്ത് വലിയ പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. മില്‍മ പാല്‍ ഉച്ചക്കുശേഷം എടുക്കുന്നില്ല എന്ന പ്രശ്‌നമുണ്ട്. പാല്‍ നശിക്കുകയാണ്. ക്ഷീരകര്‍ഷകര്‍ വലിയ പ്രയാസം നേരിടുന്നു. വിതരണം ചെയ്യാന്‍ കഴിയാത്ത പാല്‍ സിഎഫ്എല്‍ടിസികള്‍, സിഎല്‍ടിസികള്‍, അങ്കണവാടികള്‍, വൃദ്ധസദനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍, അതിഥിത്തൊഴിലാളി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ കൂടി വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.