അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടയ്ക്കാന്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്

post

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന്റെയോ, സി.ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോര്‍ഡുകളുടെയോ, അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് ഉത്തരവ് ബാധകം. സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും ചിലയിടങ്ങളില്‍ എയ്ഡഡ് സ്‌കൂളുകളോട് ചേര്‍ന്നും അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള പരാതികളെ തുടര്‍ന്നാണ് കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ അംഗം റെനി ആന്റണിയുടേതാണ് ഉത്തരവ്.

2021-2022 അധ്യയന വര്‍ഷം ഇത്തരത്തിലുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഉറപ്പ് വരുത്തണം. നിലവില്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ എയ്ഡഡ് അംഗീകാരമുള്ള സ്‌കൂളുകളില്‍ തുടര്‍പഠനം ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടപടി സ്വീകരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയിലെ അംഗീകാരമുള്ള സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ഇത് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വേണം. എയ്ഡഡ് സ്‌കൂളുകളോട് ചേര്‍ന്ന് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും, ഡയറക്ടറും ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. കമ്മീഷന്റെ ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് 45 ദിവസത്തിനുള്ളില്‍ കമ്മീഷന് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.