'5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' പി.ആര്‍.ഡിയുടെ വീഡിയോ പ്രദര്‍ശന വാഹന പര്യടനത്തിനു തുടക്കമായി

post

പാലക്കാട് : കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ 20 വീഡിയോകളുടെ പ്രദര്‍ശനം ഉള്‍പ്പെടുത്തി '5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' എന്ന പേരിലുള്ള പര്യടനത്തിന് ജില്ലയില്‍ തുടക്കമായി. പാലക്കാട് കോട്ടമൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോള്‍ പര്യടനം ഫഌഗ് ഓഫ് ചെയ്തു.  സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും കക്ഷിരാഷ്ട്രീയ ഭേദമന്യേ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ജില്ലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഇതിനുള്ള ഉദാഹരണമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. പാലക്കാട് കോട്ടയ്ക്ക് മുന്‍പില്‍ നിന്ന് ആരംഭിച്ച വാഹനപര്യടനം സിവില്‍ സ്റ്റേഷന്‍, ടൗണ്‍ സ്റ്റാന്‍ഡ്, സ്റ്റേഡിയം സ്റ്റാന്‍ഡ്, വിക്‌റ്റോറിയ കോളേജ്, ഒലവക്കോട്, പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, വള്ളിക്കോട് ജംഗ്ഷന്‍, മുണ്ടൂര്‍, തച്ചമ്പാറ എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടത്തി.

 നവകേരള മിഷനുകളായ ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയും  ക്ഷീരവികസനം, കാര്‍ഷിക വികസനം, പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, പൊതുമരാമത്ത് പാലം വിഭാഗം, ജലവിഭവം, വിനോദസഞ്ചാരം, പട്ടികവര്‍ഗ്ഗ വികസനം, ജില്ലാ ആശുപത്രി, കുഴല്‍മന്നം നായാടി കോളനി, മാരായമംഗലം ഫുട്‌ബോള്‍ ടര്‍ഫ്, കണ്ണമ്പ്ര വഴിയോര വിശ്രമകേന്ദ്രം, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, സാംസ്‌കാരിക വകുപ്പ്, കൃഷി, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകള്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോകളാണ് വാഹന പര്യടനത്തിലൂടെ  പ്രദര്‍ശിപ്പിക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശനം നടത്തുന്ന പര്യടനം ഫെബ്രുവരി 13 ന് സമാപിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ. കെ. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.