ഊര്‍ജ്ജമേഖലയില്‍ വലിയ മുന്നേറ്റം: 4900 ബി പി എല്‍ കുടുംബങ്ങളില്‍ സൗജന്യമായി വൈദ്യുതി എത്തി

post

കാസര്‍കോട്: ഊര്‍ജമേഖലയില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി നിരവധി പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി വകുപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. കാസര്‍കോടിന്റെ പ്രതീക്ഷയായ സോളാര്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയതിനൊപ്പം നിലവിലെ സംവിധാനങ്ങളെ മെച്ചപ്പെടുത്തി സേവനങ്ങള്‍ വേഗത്തിലും ഫലപ്രദമായും ഉപഭോക്താക്കള്‍ക്ക് നല്‍കാനും കെഎസ്ഇബിക്ക് കഴിയുന്നു. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജില്ലയിലെ  4900 ബിപിഎല്‍ കുടുംബങ്ങളില്‍ സൗജന്യമായി വൈദ്യുതി എത്തിച്ചു. 'ഫിലമെന്റ് രഹിത കേരളം' പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തന്നെ 391700 എല്‍ ഇ ഡി ലൈറ്റുകളാണ്  ഉപഭോക്താക്കളുടെ കൈകളിലേക്ക് നേരിട്ടെത്തിയത്. 'നിലാവ്' പദ്ധതിയിലൂടെ  ജില്ലയിലെ തെരുവ് വിളക്കുകള്‍ എല്‍ഇഡി വിളക്കുകളായി മാറി. 'സൗര' പദ്ധതിയുടെ ഭാഗമായി പൈവളികെയില്‍ 50 മെഗാ വാട്ട് സോളാര്‍ പവര്‍ പ്ലാന്റ് സജ്ജമാക്കിയതിനൊപ്പം പുരപ്പുറ സോളാര്‍ പദ്ധതികളും പുരോഗമിക്കുകയാണ്. 

നാല് സബ്സ്റ്റേഷനുകള്‍, ഒരു സെക്ഷന്‍ ഓഫീസ്

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ നാല് സബ്സ്റ്റേഷനുകളാണ് പുതിയതായി നിര്‍മ്മിച്ചത്. അമ്പലത്തറ വെള്ളൂടയില്‍ നിര്‍മ്മിച്ച സോളാര്‍ പാര്‍ക്കില്‍ നിന്ന് വൈദ്യുതി വിതരണത്തിനായി അമ്പലത്തറയില്‍ 220 കെ വി സബ്‌സ്റ്റേഷന്‍ സ്ഥാപിച്ചു. മലയോരത്തെ വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസ്സത്തിനും പരിഹാരമായി  12.7 കോടി രൂപ മുതല്‍മുടക്കില്‍ രാജപുരത്ത്  സ്ഥാപിച്ച 33 കെവി സബ്‌സറ്റേഷനിലൂടെ 30000 ത്തോളം ഗുണഭോക്താക്കള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. ആറ് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കാസര്‍കോട് ടൗണ്‍ 33 കെ വി സബ്‌സ്റ്റേഷനും കാഞ്ഞങ്ങാട് 33 കെ വി സബ്‌സ്റ്റേഷനും  ജില്ലയിലെ വൈദ്യുതി വകുപ്പിന്റെ നേട്ടങ്ങളാണ്.

മലയോരത്തെ പ്രധാനപ്പെട്ട ഭീമനടി സെക്ഷന്‍ ഓഫീസ് കെട്ടിടം യാഥാര്‍ത്ഥ്യമായതും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയാണ്.  ഭീമനടി ടൗണിനടുത്ത്  10 സെന്റ്  ഭൂമിയില്‍ 50 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച സെക്ഷന്‍ ഓഫീസിലൂടെ 18,260 ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ഫലപ്രദമായി ലഭിക്കുന്നു. മുള്ളേരിയ, നല്ലോംപുഴ, തൃക്കരിപ്പൂര്‍ സെക്ഷന്‍ ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണങ്ങളും വൈദ്യുതി ഭവന്‍ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

പ്രൊജക്ട് മാനേജ്‌മെന്റിലൂടെ നിരവധി പദ്ധതികള്‍

പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് ജില്ലയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. 9.04 കോടി രൂപ ചിലവില്‍ 133.78 കിലോ മീറ്ററില്‍ 11 കെവി ലൈന്‍ സ്ഥാപിച്ചു. 6.04 കോടി രൂപ ചിലവില്‍ 166 ട്രാന്‍സ്ഫോര്‍മറുകളും 3.01 കോടി രൂപ ചിലവില്‍ പുതിയ ലോ ടെന്‍ഷന്‍ ലൈനുകളും 1.6 കോടി രൂപ ചിലവില്‍ 9.37 കിലോ മീറ്റര്‍ ഭൂഗര്‍ഭ കേബിളും 8.5 കോടി രൂപ ചിലവില്‍ 5.17 കിലോ മീറ്റര്‍ ഏരിയല്‍ ബണ്‍ഡില്‍ഡ് കേബിളും സ്ഥാപിച്ചു. 

ജില്ലയിലെ വൈദ്യുതി കണക്ഷനുകളെ ശക്തിപ്പെടുത്താനായി ദ്യുതി പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഒരു കോടി രൂപ ചിലവില്‍ 40.55 കിലോമീറ്റര്‍ സിംഗിള്‍ ഫേസ്ലൈന്‍ ത്രീ ഫേസ്ലൈനാക്കി. 1.7 കോടി രൂപ ചിലവില്‍ 21.1 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനും 5.12 കോടി രൂപ ചിലവില്‍ 1118.04 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനും റീകണ്ടക്ടര്‍ ചെയ്തു. 

അമ്പലത്തറ 220 കെ വി സോളാര്‍ സബ്‌സ്റ്റേഷനുമായി 110 കെവി കാഞ്ഞങ്ങാട്-ചെറുവത്തൂര്‍ ലൈന്‍ ബന്ധിപ്പിക്കുന്ന പ്രവൃത്തി, കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനിലേക്ക് 33 കെ വി ഡബിള്‍ സര്‍ക്യൂട്ട് നിര്‍മ്മാണം, 33 കെവി കാഞ്ഞങ്ങാട് ടൗണ്‍ ഫീഡര്‍ എന്നിവ പൂര്‍ത്തിയായി. 

റെയില്‍വെ വൈദ്യുതീകരണത്തിനായി തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 110 കെവി റെയില്‍വേ ട്രാക്ഷന്‍ ഫീഡറും 110 കെവി സബ്‌സ്റ്റേഷന്‍ കുബനൂര്‍ സബ്സ്റ്റേഷനില്‍ 225 കെവി റെയില്‍വേ ട്രാക്ഷനും സ്ഥാപിച്ചു. ചെറുവത്തൂര്‍ 110 കെ വി, വെസ്റ്റ് എളേരി 33 കെവി സബ്‌സ്റ്റേഷന്‍ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.  

ഉപഭോക്താക്കളുടെ സംതൃപ്തി ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ വൈദ്യുതി വകുപ്പ് നടപ്പാക്കുന്നത്. ജില്ലയിലെ സോളാര്‍ പ്ലാന്റുകള്‍ കൂടി പൂര്‍ണസജ്ജമാകുമ്പോള്‍ വൈദ്യുതി മേഖലയില്‍ ജില്ല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനാകുമെന്ന് കാസര്‍കോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി സുരേന്ദ്ര പറഞ്ഞു.