വിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ സമഗ്ര ശിക്ഷ പദ്ധതി

post

കോഴിക്കോട്: കേരളത്തിലെ വിദ്യാലയങ്ങള്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി  സംസ്ഥാനതല ശില്പശാലയ്ക്ക് കോഴിക്കോട്ട് തുടക്കമായി. സമഗ്ര ശിക്ഷയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തന പദ്ധതികളാവിഷ്‌ക്കാരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള പ്രവര്‍ത്തന പദ്ധതികളാണ് ശില്പശാലയില്‍ രൂപീകരിക്കുന്നത്. വിദ്യാലയ പ്രവേശന കവാടം മുതല്‍ ശുചിമുറി വരെ നീളുന്ന ഭൗതിക സൗകര്യങ്ങള്‍ പരിമിതികളുള്ള കുട്ടികള്‍ക്കു കൂടി ഉപയോഗിക്കത്തക്കവിധത്തില്‍ സൗഹൃദപരമാക്കുകയാണ് ലക്ഷ്യം. ക്ലാസ് മുറി സൗകര്യങ്ങളില്‍ - ബോര്‍ഡ്, ഇരിപ്പിടം, മേശ, പ്രൊജക്ടര്‍, കംപ്യൂട്ടര്‍ എന്നിവയുള്‍പ്പടെ ഉറപ്പാക്കല്‍ ഇതില്‍ പ്രധാനമാണ്. വിദ്യാലയത്തിനകത്തു കൂടി എല്ലാ വിഭാഗം കുട്ടികള്‍ക്കും സുഗമമായി സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കും. ആവശ്യമായ ഇടങ്ങളിലൊക്കെ റാമ്പ്, റെയില്‍ സൗകര്യം, ബ്രെയ്ലി സൈന്‍ ബോര്‍ഡുകള്‍, അഡാപ്റ്റഡ് ടോയ്‌ലറ്റുകള്‍, എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. ലബോറട്ടറി, ലൈബ്രറി എന്നിവിടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ഉപകരണങ്ങള്‍ അപകടരഹിതമായി കൈകാര്യം ചെയ്യാനും, പുസ്തകങ്ങള്‍ സ്വയം തെരഞ്ഞെടുക്കാനും ഇവിടങ്ങളില്‍ അവസരമുണ്ടാകും. അതോടൊപ്പം  ഓഡിയോ ബുക്കുകളും, വീഡിയോ പഠന സഹായികളും ലൈബ്രറിയില്‍ ഒരുക്കും. ഭിന്നശേഷി കുട്ടികള്‍ക്കു കൂടി പങ്കെടുക്കാവുന്ന രീതിയില്‍ വിവിധ കായിക ഇനങ്ങള്‍ അനുരൂപീകരിക്കും. കളിസ്ഥലങ്ങളില്‍ അതിനാവശ്യമായ മാറ്റങ്ങള്‍ വരുത്തും. അധ്യാപകര്‍ക്ക് പരിശീലനങ്ങള്‍ നല്‍കും. അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് ഭിന്നശേഷി മേഖലയില്‍ അവബോധം സൃഷ്ടിക്കുന്ന തരത്തില്‍ ടീച്ചിംഗ് പ്രാക്ടീസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഉദ്ദേശിക്കുന്നതായി എസ്.എസ്.കെ.സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ എസ്.വൈ. ഷൂജ പറഞ്ഞു.

ഓരോ ബ്ലോക്ക് റിസോഴ്‌സ് സെന്ററിനു (ബി.ആര്‍.സി) കീഴിലും വിവിധ കാറ്റഗറിയില്‍പെട്ട കുട്ടികളെ സവിശേഷമായി പരിഗണിച്ചു കൊണ്ട് നാലു വിദ്യാലയങ്ങളെ തെരഞ്ഞെടുത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. രക്ഷിതാക്കള്‍, പൊതു സമൂഹം എന്നിവരുടെ കൂടി പങ്കാളിത്തത്തോടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളേയും ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളോടെ മികവിലേക്കുയരാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ശില്പശാല മുന്നോട്ടു വെക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ നിരവധി സൗകര്യങ്ങള്‍ എസ്.എസ്.കെ നടത്തി വരുന്നുണ്ട്. അഡാപ്റ്റഡ് ടോയ്‌ലറ്റ്, റാമ്പ് എന്നിവ നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കിയിരുന്നു. അക്കാദമിക പിന്തുണയ്ക്കായി റിസോഴ്‌സ് അധ്യാപകരുടെ സേവനവും ഉറപ്പു വരുത്തിയിരുന്നു. ഇവയ്ക്കു പുറമേ അധ്യാപകര്‍ക്ക് പരിശീലനങ്ങളും സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം പദ്ധതി  കിടപ്പിലായ കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിവരുന്നു. കുട്ടികള്‍ക്കാവശ്യമായ കണ്ണട, ശ്രവണ സഹായികള്‍, ചലന പരിമിതിയുള്ളവര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ എന്നിവയും വര്‍ഷങ്ങളായി നല്‍കി വരുന്നുണ്ട്.