അക്ഷര ചരിതവുമായി അച്ചന്‍കുഞ്ഞ്

post

കൊല്ലം: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ജനുവരി 16, 17 തീയതികളില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്സായ ഗുഡ് ഇംഗ്ലീഷ് പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് അച്ചന്‍കുഞ്ഞ്. 81 ന്റെ നിറവിലും ഇദ്ദേഹം അക്ഷര ലോകത്താണ്. 1957 ല്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ പരാജിതനായെങ്കിലും കൃത്യം 50 വര്‍ഷത്തിന് ശേഷം 2007 ല്‍ സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതയിലൂടെ വിജയിയായി. തുടര്‍ന്ന് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി 2019 ല്‍ ഹയര്‍ സെക്കണ്ടറി തുല്യത വിജയിച്ചു. ഇപ്പോള്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ ബി എ ചരിത്ര വിദ്യാര്‍ഥിയുമാണ്. ഇതിനിടയിലാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ചേര്‍ന്നത്. ആദര്‍ശത്തെ മുറുകെപ്പിടിക്കുന്ന ഇദ്ദേഹം തന്റെ മരണശേഷം ശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സംഭാവന നല്‍കിയിരിക്കുകയാണ്. സാക്ഷരത പരിപാടിയില്‍ ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അകെ 203 പേരാണ് പരീക്ഷ എഴുതിയത്. ഗുഡ് ഇംഗ്ലീഷ് കോട്സിന് 135 പേരും പച്ചമലയാളം കോഴ്സിന് 68 പേരുമാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി കെ പ്രദീപ് കുമാര്‍ അറിയിച്ചു.