തൊഴിലാളികളുടെ ക്ഷേമവും സാമൂഹ്യ സുരക്ഷയും ആരോഗ്യപരിരക്ഷയും ഉത്തരവാദിത്വമായാണ് സര്‍ക്കാര്‍ കാണുന്നത് ; മന്ത്രി ടി പി രാമകൃഷ്ണന്‍

post

എറണാകുളം: തൊഴിലാളികളുടെ ക്ഷേമവും സാമൂഹ്യ സുരക്ഷയും ആരോഗ്യപരിരക്ഷയും  ഉത്തരവാദിത്വമായാണ് സര്‍ക്കാര്‍  കാണുന്നതെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. എറണാകുളം ഇഎസ്‌ഐ ആശുപത്രി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . തൊഴില്‍ മേഖല നാടിന്റെ വികസനപ്രക്രിയയുടെ അനിവാര്യഘടകമാണ്. കേരളത്തെ തൊഴില്‍ സൗഹൃദ-നിക്ഷേപസൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍  നിര്‍ണായക പങ്കാണ് തൊഴിലാളികള്‍ വഹിച്ചത്. തൊഴില്‍ സുരക്ഷിതത്വവും തൊഴിലാളികളുടെ അവകാശങ്ങളും സാമൂഹ്യപരിരക്ഷയും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത് .  ഈ ദേശീയ സാഹചര്യത്തിലും തൊഴിലാളിക്ഷേമനടപടികളിലും അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ഒരിഞ്ചുപോലും പുറകോട്ടുപോയിട്ടില്ല എന്നും മന്ത്രി പറഞ്ഞു . തൊഴിലാളികളുടെ അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിക്കും സര്‍ക്കാര്‍  കൂട്ടുനില്‍ക്കില്ല. തൊഴിലാളിക്ഷേമത്തിന്റെ ബദല്‍  നിലപാട് ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും തൊഴിലാളികളുടെ ക്ഷേമവും സാമൂഹ്യസുരക്ഷയും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു . 

തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ആശ്രയകേന്ദ്രമായ ഇഎസ്‌ഐ ആശുപത്രികളുടെയും ഡിസ്പന്‍സറികളുടെയും സൗകര്യങ്ങളും ചികിത്സാസംവിധാനങ്ങളും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ഒമ്പത് ഇഎസ്‌ഐ ആശുപത്രികളില്‍  ആറിടത്താണ് ഒന്നാം ഘട്ടത്തില്‍  ഐസിയു ആരംഭിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍  3.19 ലക്ഷത്തോളം പേരുടെ വര്‍ധനവുണ്ടായി. സുല്‍ത്താന്‍ബത്തേരി, മാന്തവാടി , കണ്ണന്‍ദേവന്‍ ഹില്‍സ് ഡിസ്പന്‍സറികള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. മെച്ചപ്പെട്ട  രോഗനിര്‍ണയസംവിധാനവും  ചികിത്സയും ഉറപ്പുവരുത്തുന്നതിനായി  ഇഎസ്‌ഐ ആശുപത്രികളുടെയും  ഡിസ്പന്‍സറികളുടെയും സൗകര്യങ്ങളും നിലവാരവും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  ഇതിന്റെ ഭാഗമായാണ്  ആശുപത്രികളില്‍  ഐസിയു സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ എറണാകുളത്തിനു പുറമെ പേരൂര്‍ക്കട, കോട്ടയം ജില്ലയിലെ വടവാതൂര്‍, ആലപ്പുഴ, തൃശൂര്‍ ജില്ലയിലെ ഒളരിക്കര, കോഴിക്കോട് ജില്ലയിലെ ഫറോക്ക് ആശുപത്രികളില്‍   ഫസ്റ്റ് ലെവല്‍  ഐസിയു സ്ഥാപിക്കും.  മറ്റു മൂന്ന് ആശുപത്രികളി  രണ്ടാം ഘട്ടത്തില്‍  ഐസിയു നിലവില്‍  വരും.   ഫറോക്ക്, പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രികളില്‍ കീമോതെറാപ്പി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.  മുളങ്കുന്നത്തുകാവ് ആശുപത്രിയി  ഡയാലിസിസ് യൂണിറ്റും ഒളരിക്കര ആശുപത്രിയില്‍  കീമോതെറാപ്പി യൂണിറ്റും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കൊല്ലത്ത് മൊബൈല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്താദ്യമായാണ് ഇഎസ്‌ഐ സാന്ത്വനപരിചരണരംഗത്തേക്ക് കടക്കുന്നത്. കശുഅണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെ ഇഎസ്‌ഐ പദ്ധതി ഗുണഭോക്താക്കളുടെ എണ്ണത്തി  മുന്നില്‍ നില്‍ക്കുന്ന ജില്ലയാണ് കൊല്ലം. ശാരീരികമായി അവശത അനുഭവിക്കുന്നവരും  മാരകരോഗങ്ങള്‍ ബാധിച്ചവരും കിടപ്പുരോഗികളും ഈ ഗുണഭോക്താക്കളുടെ കൂട്ടത്തിലുണ്ട് എന്നും മന്ത്രി പറഞ്ഞു.