ഫോറസ്റ്റ് കോംപ്ലക്സ് വനം വകുപ്പ് സേവനങ്ങളെ സുഗമമാക്കും: മന്ത്രി കെ രാജു

post

കൊല്ലം: വനം വകുപ്പുവഴി നടപ്പിലാക്കുന്ന സേവനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും വനസംരക്ഷണം ജനകീയമാക്കുന്നതിനും ഫോറസ്റ്റ് കോംപ്ലക്സിന്റെ പ്രവര്‍ത്തനം സഹായിക്കുമെന്ന് വനം വകുപ്പുമന്ത്രി കെ രാജു പറഞ്ഞു. ഇടമണ്‍ 34-ലെ ഫോറസ്റ്റ് കോംപ്ലക്സ് ആസ്ഥാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്ക് ഉതകുന്നതരത്തിലുള്ള ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ജീവനക്കാരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പത്തോളം പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ സംസ്ഥാനത്തൊട്ടാകെ നിര്‍മിച്ചു. കൂടാതെ എഴുപതിലധികം ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കി. പുനലൂര്‍ നിയോജക മണ്ഡലത്തില്‍ തന്നെ മൂന്ന് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. അച്ചന്‍കോവില്‍ കുംഭാവുരുട്ടി, കടമാന്‍ പാറ, കുളത്തൂപ്പുഴ ഏഴാംകുളം എന്നിവിടങ്ങളിലാണ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇടമണ്‍ ഫോറസ്റ്റ് കോംപ്ലക്സ് ആസ്ഥാനത്തോട് ചേര്‍ന്ന് ഇക്കോ ഷോപ്പും വനവിഭവ വിതരണ കേന്ദ്രവും ആരംഭിക്കും. സര്‍ക്കാര്‍ ഭൂമിയില്‍ ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലൂടെ വരുംതലമുറയ്ക്കു കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ സര്‍ക്കാര്‍ മുതല്‍ സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പുനലൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ അഞ്ചല്‍ റേഞ്ചില്‍ ഉള്‍പ്പെട്ട ആയിരനല്ലൂര്‍ ഫോറസ്റ്റ് സെക്ഷന്‍ പരിധിയില്‍ ഇടമണ്‍-34 ലാണ് ഫോറസ്റ്റ് കോംപ്ലക്സ് പണികഴിപ്പിച്ചിട്ടുള്ളത്. 1908 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടത്തിന് 53.02 ലക്ഷം രൂപയായിരുന്നു ധനസഹായം. 2019 നവംബറില്‍ സെന്റര്‍  ടെന്‍ഡര്‍ ചെയ്ത നിര്‍മാണപ്രവര്‍ത്തനം കരാര്‍ കാലാവധി കഴിയുന്നതിനു മുമ്പ് തന്നെ 44.55 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചു. കൊല്ലം-ചെങ്കോട്ട റോഡിന്റെ വലതുവശത്തായി സ്ഥിതിചെയ്യുന്ന ഫോറസ്റ്റ് കോംപ്ലക്സ് ആയിരനല്ലൂര്‍ ഫോറസ്റ്റ് സെക്ഷന്റെ ആസ്ഥാനമായും പുനലൂര്‍ വന വികാസ ഏജന്‍സിയുടെ ഫെസിലിറ്റേഷന്‍ സെന്ററായും പ്രവര്‍ത്തിക്കും. ദേശീയ പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് എളുപ്പം ഓഫീസിലേക്ക് എത്തുന്നതിനും വനം വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിക്കും. പങ്കാളിത്ത വനപരിപാലനം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വന വികാസ ഏജന്‍സിയുടെ ഫെസിലിറ്റേഷന്‍ സെന്റര്‍ കൂടി ആയതിനാല്‍ വന പരിപാലനത്തില്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.