മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ 'ജനനി സുരക്ഷ യോജന'

post

മലപ്പുറം: പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി സുരക്ഷ യോജന (ജെ.എസ്.വൈ). വീടുകളില്‍ നടക്കുന്ന പ്രസവങ്ങളിലൂടെയുണ്ടാകുന്ന അപകട സാധ്യത ബോധ്യപ്പെടുത്തി ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും ആശുപത്രികളില്‍ തന്നെ മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുന്ന പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് സഹായധനവും ഉറപ്പാക്കുന്നു.

നഗര പ്രദേശങ്ങളിലെ ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്ക് 600 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ 700 രൂപയുമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിലെ 19 വയസിന് മുകളില്‍ പ്രായമുള്ള ഗര്‍ഭിണികള്‍ക്കാണ് അശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നത്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ദാരിദ്ര്യ രേഖക്ക് മുകളിലാണെങ്കിലും ഈ ആനുകൂല്യം ലഭിക്കും. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന അമ്മമാര്‍ക്ക് വീട്ടില്‍ നടക്കുന്ന പ്രസവത്തിന് 500 രൂപയും പദ്ധതി വഴി ലഭിക്കും.
സര്‍ക്കാര്‍ ആശുപത്രികളിലും അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളിലും നടക്കുന്ന പ്രസവങ്ങള്‍ക്കാണ് ഈ ആനുകൂല്യം. സര്‍ക്കാര്‍ ആശുപത്രികളില്‍ ആശുപത്രി സൂപ്രണ്ട്, ചാര്‍ജുള്ള മെഡിക്കല്‍ ഓഫീസര്‍ എന്നിവരില്‍ നിന്നും ചെക്കായി തുക കൈപ്പറ്റാം. പദ്ധതി പ്രകാരമുള്ള അംഗീകൃത സ്വകാര്യ ആശുപത്രികളിലാണ് പ്രസവമെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ ഇതിനൊപ്പം ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കി ബന്ധപ്പെട്ട സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ പദ്ധതി കോ-ഓര്‍ഡിനേറ്ററില്‍ നിന്ന് തുക കൈപ്പറ്റാം.