വീടുകളും അടിസ്ഥാന സൗകര്യങ്ങളുമൊരുങ്ങി; വള്ളുവര്‍കുന്ന് അംബേദ്കര്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

post

കോഴിക്കോട്: തലചായ്ക്കാനിടവും അടിസ്ഥാന സൗകര്യങ്ങളുമൊരുങ്ങി; സര്‍ക്കാറിന്റെ കരുതലിന്റെ തണലില്‍ മാറ്റത്തിന്റെ വെള്ളിവെളിച്ചത്തിലാണ് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വള്ളുവര്‍കുന്ന് പട്ടിക വര്‍ഗ കോളനി. അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണിവിടെ. സംസ്ഥാന സര്‍ക്കാര്‍ പട്ടിക വര്‍ഗ വകുപ്പിന്റെ ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി വീട് നിര്‍മ്മാണം/നവീകരണം, കുടിവെള്ളം, നടപ്പാത, കോളനിയുടെ അതിര് കെട്ടി സംരക്ഷിക്കല്‍, ശ്മശാനഭൂമി സംരക്ഷണം തുടങ്ങിയ വിവിധ പ്രവൃത്തികളാണ് നടപ്പാക്കുന്നത്. ശേഷിക്കുന്ന പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാക്കി ഈ മാസം തന്നെ പദ്ധതിയുടെ ഉദ്ഘാടനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പട്ടിക വര്‍ഗ വികസന വകുപ്പ് ജില്ലാ ഓഫീസര്‍ സയീദ് നയീം പറഞ്ഞു.

ആറ് പുതിയ വീടുകളാണ് പദ്ധതിയുടെ ഭാഗമായി വള്ളുവര്‍കുന്ന് കോളനിയില്‍ നിര്‍മ്മിച്ചത്. കൂടാതെ ആറ് വീടുകളുടെ നവീകരണ പ്രവൃത്തികളും പൂര്‍ത്തിയാക്കി. ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആറ് വീടുകളുടെ പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്.

കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നുണ്ട്. ഇതിനായി നാലു കിണറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരു കിണര്‍ പുതുതായി നിര്‍മ്മിച്ചതും മൂന്നെണ്ണം പദ്ധതിക്കായി നവീകരിച്ചതുമാണ്. വീടുകളില്‍ കുടിവെള്ള വിതരണത്തിനുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും വാട്ടര്‍ ടാങ്ക്, പമ്പ്ഹൗസ് എന്നിവയുടെയും നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതോടെ കുടിവെള്ള പദ്ധതി പ്രവര്‍ത്തനക്ഷമമാകും.

കോളനിയിലേക്ക് കോണ്‍ക്രീറ്റ് നടപ്പാത നിര്‍മ്മിച്ചു. ശ്മശാന ഭൂമിക്ക് ചുറ്റുമതില്‍ കെട്ടി സംരക്ഷണമൊരുക്കി. കോളനിയുടെ അതിരുകള്‍ കരിങ്കല്‍ മതിലുകള്‍ കെട്ടി വേര്‍തിരിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത പദ്ധതി 2019 ലാണ് ആരംഭിച്ചത്.

20 വീടുകളിലായി 33 കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്.  കുട്ടികളടക്കം 28 പുരുഷന്മാരും 46 സ്ത്രീകളുമാണ് കോളനിയില്‍ താമസിക്കുന്നത്. അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി കൂടാതെ കോളനിയിലെ ഭൂരഹിതരായ ഒരു കുടുംബത്തിനും ഭവന രഹിതരായ രണ്ട് കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിക്കുന്നതിന് ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി അപേക്ഷ നല്‍കിയിട്ടുമുണ്ട്.