എളമരം കടവ് പാലം പ്രവൃത്തി മെയ് മാസത്തോടെ പൂര്‍ത്തിയാകും

post

മലപ്പുറം: കോഴിക്കോട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിനു കുറുകെ നിര്‍മിക്കുന്ന എളമരം കടവ് പാലത്തിന്റെ പ്രവൃത്തി മെയ് മാസത്തോടെ പൂര്‍ത്തിയാകുമെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡും നിലവിലെ കൂളിമാട് റോഡും ചേരുന്ന ഭാഗത്ത് ട്രാഫിക് ഐലന്‍ഡ് നിര്‍മിക്കുന്നതിനും ഏതാനും ഭാഗങ്ങളില്‍ റോഡ് വീതികൂട്ടുന്നതിനും   ജില്ലയിലെ എടവണ്ണപ്പാറ മപ്രത്ത് അപ്രോച്ച് റോഡ് റബറൈസ് പൂര്‍ത്തികരിക്കുന്നതിനും ബാക്കിയായി വരുന്ന സ്ഥലം  ഏറ്റെടുക്കാനും തുടങ്ങി. സ്വകാര്യ വ്യക്തികള്‍ കയ്യേറിയ സ്ഥലങ്ങള്‍ സര്‍വേ ചെയ്തു കണ്ടെത്തി പൊളിച്ചു നീക്കുകയും ചെയ്തു. എളമരം ഭാഗത്ത് 200 മീറ്റര്‍ അനുബന്ധ റോഡും എടവണ്ണപ്പാറ ജംങ്ഷന്‍ വരെയുള്ള റോഡും ബി.എം.ആന്‍ഡ് ബി.സി ചെയ്ത് ഉടന്‍ പുനര്‍ നിര്‍മിക്കാനും എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്നയോഗത്തില്‍ തീരുമാനമായി.

മാവൂര്‍ ഭാഗത്ത് 200 മീറ്റര്‍ അനുബന്ധ റോഡ് നിര്‍മിക്കുന്നതോടൊപ്പം മാവൂര്‍ റോഡില്‍ സന്ധിക്കുന്ന ജംങ്ഷന്‍ അഭിവൃദ്ധിപ്പെടുത്തി ഗതാഗത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയും  ആവശ്യമായ ഓവുപാലങ്ങള്‍, ഓടകള്‍, സംരക്ഷണ ഭിത്തികള്‍, ലൈറ്റ് സജജീകരണങ്ങള്‍ തുടങ്ങിയ  സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട പ്രധാന റോഡിന്റെ പുനരുദ്ധാരണവും ഇതോടാപ്പം നടക്കും. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന പാലത്തിന് 35 കോടിയാണ് ചെലവ്. 350 മീറ്റര്‍ നീളമുള്ള പാലത്തിന് 35 മീറ്റര്‍ വീതമുള്ള പത്ത് സ്പാനുകളുണ്ടാകും. മാവൂര്‍, എളമരം ഭാഗങ്ങളില്‍ 250 മീറ്റര്‍ വീതം അപ്രോച്ച് റോഡും നിര്‍മിക്കുന്നുണ്ട്.

വാഴക്കാട്, മാവൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് എളമരം കടവില്‍ പാലം നിര്‍മിക്കുന്നതോടെ ഇരു ജില്ലകളിലുമുള്ളവര്‍ ഗതാഗതസൗകര്യത്തിന്റെ കാര്യത്തില്‍ പുരോഗതി കൈവരിക്കും. കോഴിക്കോട്ടുനിന്നും മെഡിക്കല്‍ കോളജില്‍ നിന്നും മലപ്പുറത്തേക്കും പാലക്കാട് ഭാഗത്തേക്കുമെല്ലാമുള്ള ദൂരം ഗണ്യമായി കുറയും. വയനാട് ഭാഗത്തുനിന്ന് കരിപ്പൂരിലേക്കുള്ള ദൂരവും കുറയും.