നിയമത്തിന്റെ കുരുക്കുകള്‍ അഴിച്ച് ജില്ലാ കളക്ടറുടെ പരാതിപരിഹാര അദാലത്ത്

post

പത്തനംതിട്ട : നിയമത്തിന്റെ കുരുക്കുകള്‍ അഴിച്ച് ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ  നേതൃത്വത്തില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത്  നൂറൂകണക്കിന് ആളുകള്‍ക്ക് ആശ്വാസമേകി. കാലങ്ങളായി വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകള്‍ കയറി ഇറങ്ങി മടുത്ത അനേകം പേരുടെ ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം കാണുന്നതിനായാണ് വിവിധ വകുപ്പുകളെ ഒരു കുടക്കീഴില്‍ അണിനിരത്തി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കോഴഞ്ചേരി താലൂക്ക്തല അദാലത്ത് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചത്.

  വീട്, കുടിവെള്ളം, വസ്തു, വഴി, പെന്‍ഷന്‍ തുടങ്ങി നിരവധി ആവശ്യങ്ങളുമായി അദാലത്തില്‍ എത്തിയവരെല്ലാം തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടിയതിന്റെ സംതൃപ്തിയിലാണു മടങ്ങിയത്. ഓരോ പരാതികളും സശ്രദ്ദം കേട്ട് നിയമത്തിന്റെ അനൂകൂല്യങ്ങള്‍ ശാന്തമായി പരാതിക്കാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ബോധ്യപ്പെടുത്തി. നിയമം പൊതുജനങ്ങള്‍ക്ക് ഉപകരിക്കുന്ന തരത്തില്‍  പ്രയോജനപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ കളക്ടര്‍  എല്ലാ സംശയങ്ങളും ദൂരീകരിച്ചതിനു  ശേഷമാണു പരാതിക്കാരെ അദാലത്തില്‍ നിന്നും തിരിച്ചയച്ചത്.

സര്‍വീസ് സഹകരണസംഘത്തില്‍ നിന്നും ലോണെടുത്ത് ജപ്തി ഭീഷണി നേരിടുന്ന ഓമല്ലൂര്‍ കപ്പമാവുനില്‍ക്കുന്നതില്‍ പൊടിയമ്മയും അദാലത്തില്‍ എത്തിയിരുന്നു. പലിശ ഒഴിവാക്കി മുതല്‍ തുക പല തവണകളായി അടയ്ക്കുന്നതിനും സഹകരണ ബാങ്കിനു നിര്‍ദ്ദേശം നല്‍കി പരാതി പരിഹരിച്ചു. ഒരേ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് രണ്ടു വാര്‍ദ്ധക്യകാല പെന്‍ഷന്‍ കൈപ്പറ്റിയതിന്റെ പേരില്‍ പെന്‍ഷന്‍ തടഞ്ഞുവച്ച ആറന്മുള സ്വദേശിനിയുടെ പരാതിയില്‍ അധികമായി വാങ്ങിയ ഒരു പെന്‍ഷന്‍തുക തിരിച്ചടയ്ക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ വീണ്ടും ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു തീരുമാനമായി. ആധാര്‍ ലിങ്ക് ചെയ്ത സന്ദര്‍ഭത്തിലാണു രണ്ടു പെന്‍ഷന്‍ വാങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടത്.

പത്തനംതിട്ട നഗരസഭയിലെ 23ാം  വാര്‍ഡില്‍ സ്വകാര്യ വ്യക്തി  മാനദണ്ഡങ്ങള്‍ പാലിക്കാതെ അതിഥി സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന വാടകവീടിനോടു ചേര്‍ന്ന് സെപ്റ്റിക് ടാങ്ക് നിര്‍മ്മിച്ചതായും ഇത്  സമീപമുള്ള കിണറിന് മാലിന്യപ്രശ്‌നമുണ്ടാക്കുന്നതായും, മാലിന്യങ്ങള്‍ ഓടയിലേക്ക് തള്ളിവിടുന്നതായും അയല്‍വാസി പരാതി നല്‍കുകയുണ്ടായി. വീട്ടുടമയ്ക്ക് താമസിക്കുന്നതിന് മറ്റൊരു വീടുള്ള സാഹചര്യത്തില്‍, വാടകവീട്ടില്‍ താമസിക്കുന്ന അതിഥി സംസ്ഥാന തൊഴിലാളികളെ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനും മറ്റു തുടര്‍നടപടികള്‍ക്കുമായി നഗരസഭ സെക്രട്ടറിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പത്തനംതിട്ട നഗരസഭയുടെ പരിധിയില്‍ വരുന്ന മൈലാടുപാറ ഗുരുമന്ദിരംമേപ്രത്തുമുരുപ്പേല്‍ റോഡ് തകര്‍ന്ന നിലയിലാണെന്നും,ജല അതോറിറ്റിയുടെ പൈപ്പിന്റെ ടാപ്പ് വളരെ അകലെ സ്ഥാപിച്ചിട്ടുള്ളതിനാല്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും വ്യക്തമാക്കി ഭിന്നശേഷിക്കാരനായ യുവാവ് പരാതിയുമായി അദാലത്തിനെത്തി. ഈ പരാതിയില്‍ റോഡ് സഞ്ചാര യോഗ്യമാക്കുന്നതിനുള്ള നടപടികള്‍ക്കായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളതായി നഗരസഭ സെക്രട്ടി അറിയിച്ചു. നഗരസഭ ഇതിന്റെ നടപടികള്‍ വേഗത്തിലാക്കുന്നതിനും കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി പരാതിക്കാരന്റെ വീടിനു സമീപം മറ്റൊരു ടാപ്പ് കൂടി സ്ഥാപിക്കുന്നതിനും ജില്ലാ കളക്ടര്‍ ജല അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കി.