പഞ്ചാര മണലില്‍ റാഗിയും ചെറുപയറും വിളയിക്കാനൊരുങ്ങി ചേര്‍ത്തല തെക്ക് ഗ്രാമ പഞ്ചായത്ത്

post

ആലപ്പുഴ : പഞ്ചാര മണലില്‍ ചെറുപയറും റാഗിയും കൃഷി ചെയ്ത് വിജയഗാഥ രചിക്കാന്‍ ഒരുങ്ങുകയാണ് ചേര്‍ത്തല തെക്ക് ഗ്രാമ പഞ്ചായത്ത്. തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് സംയുക്ത കൃഷി പഞ്ചായത്ത് നടപ്പാക്കിവരുന്നത്. 300 ഏക്കറില്‍ റാഗിയും 250 ഏക്കറില്‍ ചെറുപയറുമാണ് കൃഷി ചെയ്യുന്നത്. നിലവിലെ കേരളത്തിലെ കാലാവസ്ഥ ചെറുപയറിനും റാഗിക്കും അനുയോജ്യമാണെന്നു കണ്ടാണ് കൃഷിയിലേക്ക് ഇറങ്ങിയതെന്ന് കൃഷി ഓഫീസര്‍ റോസ്മി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച കൃഷി മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും കൃഷി ഓഫീസര്‍ പറഞ്ഞു.

പഞ്ചായത്തിലെ 22 വാര്‍ഡുകളിലായി രൂപീകരിച്ചിട്ടുള്ള തൊഴിലുറപ്പ് ഗ്രൂപ്പുകളാണ് കൃഷി ഏറ്റെടുത്തു ചെയ്യുന്നത്. 100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. അതാതു വാര്‍ഡുകളില്‍ കണ്ടെത്തിയിട്ടുള്ള സ്ഥലത്താണ് കൃഷി ചെയ്യുന്നത്.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അനുവദിച്ചിട്ടുള്ള ആറ് ലക്ഷം രൂപയും കൃഷിവകുപ്പ് വകയിരുത്തിയിട്ടുള്ള ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും കൂടാതെ തൊഴില്‍ ദിനങ്ങള്‍ കൊടുക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പില്‍ നിന്നുള്ള 8 കോടി രൂപയും വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ഗ്രൂപ്പിനും വളം സബ്‌സിഡിയായി 3600 രൂപ വീതവും ഇതിന്റെ ഭാഗമായി ലഭിക്കും.

കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ദൈനംദിന മേല്‍നോട്ടവും പരിചരണവും നടന്നുവരുന്നുണ്ട്. കൂടാതെ പദ്ധതിക്കായി രൂപീകരിച്ചിട്ടുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി കൃഷിയുടെ പരിചരണവും നിര്‍ദ്ദേശങ്ങളും കൃഷി ഉദ്യോഗസ്ഥര്‍ നല്‍കും.പഞ്ചായത്തിലെ എല്ലാ തൊഴിലുറപ്പു തൊഴിലാളികള്‍ക്കും 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുക എന്ന നിലയില്‍ കൃഷി വ്യാപിപ്പിക്കാനാണ് കൃഷി വകുപ്പിന്റെ ലക്ഷ്യം. അതുവഴി തൊഴിലുറപ്പ് ഗ്രൂപ്പുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും കൃഷി ഓഫീസര്‍ റോസ്മി പറഞ്ഞു.