വിവിധ സേവനങ്ങള്‍ ലഭ്യമാക്കി ലൈഫ് കുടുംബ സംഗമം അദാലത്ത്

post

പത്തനംതിട്ട: പന്തളം നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ ലൈഫ് കുടുംബ സംഗമത്തിലും അദാലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, ഐ.ടി, ഫിഷറീസ്, വ്യവസായ വകുപ്പ്, പട്ടികജാതി/ പട്ടികവര്‍ഗ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, ശുചിത്വ മിഷന്‍, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ്, ലീഡ് ബാങ്ക് ഉള്‍പ്പെടെയുള്ളവയുടെ സേവനങ്ങള്‍ ഒരുക്കിയിരുന്നു.

സിവില്‍ സപ്ലൈസ് വകുപ്പ്, പുതിയ റേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, പേര് കുറയ്ക്കല്‍, ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ്, ഉടമസ്ഥാവകാശം മാറ്റല്‍, പേര് തിരുത്തല്‍, മേല്‍വിലാസം തിരുത്തല്‍, കാര്‍ഡ് മറ്റൊരു താലൂക്കിലേക്കു മാറ്റുന്നത് അടക്കമുള്ള സേവനം ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദാലത്ത് കൗണ്ടറുകളില്‍ വാര്‍ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, തൊഴില്‍രഹിത വേതനം തുടങ്ങിയവയുടെ അപേക്ഷ സ്വീകരിച്ച് തുടര്‍നടപടി സ്വീകരിച്ചു. 

സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടേയും വയോജനക്ഷേമ പരിപാടികളുടേയും അപേക്ഷ സ്വീകരിക്കുന്നതിനു സൗകര്യമൊരുക്കി. കുടുംബശ്രീ സ്വയംതൊഴില്‍ പദ്ധതി രജിസ്‌ട്രേഷന്‍, ബോധവല്‍ക്കരണം, സ്ത്രീകള്‍ക്കു സ്വയം തൊഴില്‍ കണ്ടെത്തുന്നതിനു ഹെല്‍പ്പ് ഡെസ്‌ക് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഒരുക്കി. അക്ഷയ കേന്ദ്രം ആധാറിലെ തെറ്റ് തിരുത്തുന്നത് ഉള്‍പ്പെടെയുള്ള സേവനം ഒരുക്കി. തൊഴില്‍ ദായക പദ്ധതികളെക്കുറിച്ചു പരിചയപ്പെടുത്തല്‍, നാനോ ഹൗസ്‌ഹോള്‍ഡ് പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന സേവനം എന്നിവ വ്യവസായ വകുപ്പ്  ലഭ്യമാക്കി. പട്ടികജാതി/പട്ടിക വര്‍ഗ വകുപ്പ് വിദ്യാര്‍ഥികള്‍ക്കു സ്‌കില്‍ ട്രെയിനിംഗ്, വനിതകള്‍ക്കും സ്വയം തൊഴില്‍ സഹായ സംഘങ്ങള്‍ക്കും സബ്‌സിഡി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കു തുടര്‍നടപടികള്‍ എന്നിവ സ്വീകരിച്ചു.

പശു വളര്‍ത്തലുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ചു ബോധവല്‍ക്കരണം, ക്ഷീരസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കു ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കുറിച്ചു ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ക്ഷീരവികസന വകുപ്പ് ലഭ്യമാക്കി. ആരോഗ്യ വകുപ്പ് കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി സൗജന്യ വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഒരുക്കി. ഗ്രാമവികസന വകുപ്പ്, വനിതാ ശിശു വികസനം തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങളും അദാലത്തില്‍ ലഭ്യമാക്കി.