വൈദ്യുതി സുരക്ഷ: വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടിയോ ഏണിയോ വയ്ക്കരുത്

post

ആലപ്പുഴ: ജില്ലയില്‍ അടുത്ത കാലത്ത് ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ പറിക്കുന്നതിനിടയില്‍ യാദൃച്ഛികമായി വൈദ്യുതി കമ്പിയില്‍ തട്ടി അപകടങ്ങളും മരണവും ഉണ്ടാകുന്നത് കൂടി വരുന്നു. വൈദ്യുത ലൈനുകളുടെ സമീപം ഇരുമ്പിന്റെ  തോട്ടി, ഏണി മറ്റ് വൈദ്യുതി പ്രവഹിക്കുന്ന സാമഗ്രികള്‍ എന്നിവ കൊണ്ടു പോകുന്നത് കുറ്റകരവും ജീവനുതന്നെ ഭീഷണിയുമാണ്. ആയതിനാല്‍ പൊതുജനങ്ങള്‍ ഈ പ്രവൃത്തികള്‍ വൈദ്യുതി വകുപ്പിന്റെ അനുമതി ഇല്ലാതെ ചെയ്യരുതെന്ന് ആലപ്പുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പൊട്ടിക്കിടക്കുന്ന ലൈന്‍ കമ്പികളില്‍ സ്പര്‍ശിക്കരുത്.  പൊട്ടിക്കിടക്കുന്ന  ലൈനുകളോ അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള വൈദ്യുതി  ഓഫീസിലോ അല്ലെങ്കില്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പറിലോ 9496001912, 9496010101 എന്നീ വാട്‌സ്പ് നമ്പറിലോ അറിയിക്കുക.  വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ലീക്കേജ് മൂലം ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്നും വ്യക്തികളെയും ഉപകരണങ്ങളെയും സംരക്ഷിക്കുന്നതിന് ഇ.എല്‍.സി.ബി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും നിര്‍ബന്ധമായി സ്ഥാപിക്കണം.