ലൈഫ് മിഷന്‍: 156 കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ മികച്ചസൗകര്യങ്ങളോടെ പറവൂറില്‍ ഫ്ലാറ്റ് നിര്‍മാണം ആരംഭിച്ചു

post

ആലപ്പുഴ : കയറിക്കിടക്കാന്‍ ഇടമില്ലാത്ത 156 കുടുംബങ്ങള്‍ക്കായി പറവൂരില്‍ ഫ്ലാറ്റ് സമുച്ചയം ഉയരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ വാട്ടര്‍ വര്‍ക്സിനു സമീപത്തെ 2.15 ഏക്കറിലാണ് ലൈഫ് ഭവന പദ്ധതിയില്‍ ഫ്ലാറ്റ് ഉയര്‍ന്നു പൊങ്ങുന്നത്. ഏഴു നിലകളില്‍ 78 വീതം ഫ്ലാറ്റ് യൂണിറ്റുകളുള്ള രണ്ട് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണത്തിനാണ് പുന്നപ്രയില്‍ തുടക്കം കുറിച്ചത്.  പ്രി- ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണച്ചെലവ് 35 കോടി രൂപയാണ്. ഓരോ കുടുംബത്തിനുമുള്ള ഫ്ലാറ്റ് യൂണിറ്റുകള്‍ക്ക് 22 ലക്ഷം രൂപയോളം ചെലവ് വരും. 5000 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള രണ്ട് ബ്ലോക്കുകളിലായി ആകെ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫ്ലാറ്റാണ് വീടില്ലാത്തവര്‍ക്കുള്ള സര്‍ക്കാരിന്റെ കരുതലായി ഉയര്‍ന്നു പൊങ്ങുക. രണ്ട് ഫ്ലാറ്റുകളില്‍ ആദ്യത്തേതിന്റെ പൈലിങ് ജോലികള്‍ 75 ശതമാനത്തോളം പൂര്‍ത്തിയായി. പ്രീ ഫാബ്രിക്കേഷന്‍ നിര്‍മ്മാണമായതിനാല്‍ തുടര്‍ച്ചയായി പ്രവര്‍ത്തി നടന്നാല്‍ അടുത്ത ആറു മാസത്തിനുള്ളില്‍ ഫ്ളാറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പി ഉദയസിംഹന്‍ പറഞ്ഞു.

ചുറ്റുമതില്‍, മഴവെള്ള സംഭരണി, സൗരോര്‍ജ്ജ പ്ലാന്റ്, ഖര ദ്രവ്യ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍, കുടിവെള്ള സംവിധാനം, അഗ്നിശമന സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സമുച്ചയത്തിലുണ്ടാകും. കൂടാതെ അങ്കണവാടി, വൃദ്ധജന പരിപാലന കേന്ദ്രം, ഓഫീസ് സൗകര്യം, വിനോദ വിശ്രമകേന്ദ്രങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിവയും ഇതോടൊപ്പമൊരുക്കും. 

തൃശ്ശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആണ് പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി. പെന്നാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹൈദരാബാദ് എന്ന സ്ഥാപനമാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പ്രീഫാബ് ലിമിറ്റഡിനാണ് പ്രവര്‍ത്തിയുടെ ഗുണനിലവാര പരിശോധനാ മേല്‍നോട്ടം.

ജില്ലയില്‍ ഭൂരഹിത ഭവന രഹിതര്‍ക്ക് ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട 19365 പേരില്‍ 7425 കുടുംബങ്ങള്‍ രേഖകള്‍ ഹാജരാക്കി അര്‍ഹതാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ലൈഫ് മിഷന്‍ നേരിട്ട ്നിര്‍മ്മിക്കുന്ന 10 പൈലറ്റ് ഭവന സമുച്ചയങ്ങളില്‍ വിവിധ ജില്ലകളില്‍ നിര്‍മ്മിക്കുന്നതില്‍ ഏറ്റവും വലുത് ആലപ്പുഴ ജില്ലയിലാണ്. സ്വന്തമായൊരു വീട് എന്ന സ്വപ്നം കണ്ട് പതിറ്റാണ്ടുകളായി കഴിയുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണീ പദ്ധതി.