കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏറ്റെടുത്ത 10 സി.എഫ്.എല്‍.ടി.സികള്‍ തുടരും

post

മലപ്പുറം: ജില്ലയില്‍  സ്‌കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കേണ്ടതിനാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 സ്ഥാപനങ്ങള്‍  നിലനിര്‍ത്തി ബാക്കിയുള്ള എല്ലാ സ്ഥാപനങ്ങളും കെട്ടിടങ്ങളും തിരികെ നല്‍കി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. തേഞ്ഞിപ്പലം പാരിജാതം യൂനിവേഴ്സിറ്റി ഹോസ്റ്റല്‍, തേഞ്ഞിപ്പലം യൂനിവേഴ്സിറ്റി ഇന്റര്‍നാഷനല്‍ ഹോസ്റ്റല്‍, മഞ്ചേരി മുട്ടിപ്പാലം സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്, കീഴാറ്റൂര്‍ അല്‍ഷിഫ ഫാര്‍മസി ഹോസ്റ്റല്‍, കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളജ്, കൊണ്ടോട്ടി ഹജ് ഹൗസ്, കാളികാവ് അല്‍സഫ ഹോസ്പിറ്റല്‍, മലപ്പുറം ശിക്ഷക് സദന്‍, കൊണ്ടോട്ടി ഗാര്‍ഡന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, പള്ളിക്കല്‍ തറയിട്ടാല്‍ എം.എം.യു.പി സ്‌കൂള്‍ എന്നീ സി.എഫ്.എല്‍.ടി.സികളാണ് ജില്ലയില്‍ നിലനിര്‍ത്തികൊണ്ട് ജില്ലാകലക്ടര്‍ ഉത്തരവിട്ടുള്ളത്. സി.എഫ്.എല്‍.ടി.സി ഒഴിവാക്കുന്ന സ്ഥാപനങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ട് വാങ്ങിയ  വസ്തുക്കള്‍ നിലനിര്‍ത്തുന്ന സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, ലോഡ്ജുകള്‍ എന്നിവ ഏറ്റെടുക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.