അവസരങ്ങളറിഞ്ഞ് മുന്നേറാം; കൂട്ടിനുണ്ട് ചിറ്റൂര്‍ സിഡിസി

post

പാലക്കാട്: പഠനം കഴിഞ്ഞു ഇനി എന്ത് എന്ന് ചോദ്യം ചിറ്റൂരുകാരെ അലട്ടില്ല, കാരണം ഇതിനുള്ള ഉത്തരവുമായി അവരോടൊപ്പമുണ്ട് ചിറ്റൂര്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ (സിഡിസി). കച്ചേരിമേട്ടിലെ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സിഡിസിയിലേക്കെത്തിയാല്‍ ജോലിയായാലും ഉപരിപഠനമായാലും ആവശ്യമായ സഹായം തേടാം. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി സിഡിസിയിലേക്ക് എത്തുന്നവര്‍ക്ക് വേണ്ടസഹായം ലഭ്യമാകും.  

ഉപരിപഠനത്തിനോ, ശേഷം തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കോ ശരിയായ ദിശാബോധം നല്‍കുക എന്നതാണ് ഡിസിസിയുടെ പ്രധാന ലക്ഷ്യം. മത്സര പരീക്ഷകള്‍ക്കുവേണ്ടി തയ്യാറെടുക്കുന്നവര്‍ക്ക് വിദഗ്ധരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍, മോട്ടിവേഷണല്‍ ക്ലാസുകള്‍ എന്നിവയെല്ലാം സിഡിസി ഒരുക്കുന്നുണ്ട്. പിഎസ്‌സി പരിശീലന ക്ലാസുകള്‍ക്ക് പുറമേ നെറ്റ്, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷകള്‍ എന്നിവയ്ക്കുള്ള പരിശീലനവും ഇവിടെ നിന്നും ലഭിക്കും. വിപുലമായ ലൈബ്രറി, സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം എന്നിവയും ഇവിടുത്തെ പ്രത്യേകതയാണ്. പിഎസ്‌സി അപേക്ഷകള്‍ അയക്കുന്നതിനും ഹാള്‍ടിക്കറ്റ് പ്രിന്റ്ഔട്ട് എടുക്കുന്നതിനുമെല്ലാം ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവയെല്ലാം സൗജന്യ സേവനവുമാണ്.

മത്സരപരീക്ഷാ പരിശീലനങ്ങൡ മാത്രം ഒതുങ്ങി നില്‍ക്കാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രീ ഇന്റര്‍വ്യൂ പരിശീലനം, സ്വകാര്യ മേഖകളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കല്‍, റെസ്യൂമെ തയ്യാറാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയും നല്‍കുന്നുണ്ട്. കേരളത്തിനകത്തും പുറത്തും വിദേശത്തും ഉള്ള തൊഴില്‍ സാധ്യതകളെപ്പറ്റി വിശദമായ അറിവ് പകരാനും തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നതിലൂടെ ഉദ്യോഗാര്‍ത്ഥികളെയും ഉദ്യോഗദായകരെയും ഒന്നിപ്പിക്കാനും സിഡിസി മുന്‍കൈയെടുക്കുന്നുണ്ട്. ഇതിന് പുറമേ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാമുകള്‍, വ്യക്തിത്വ വികസന പരിപാടികള്‍, കരിയര്‍ ഗൈഡന്‍സ്, പിന്നാക്ക പ്രദേശങ്ങള്‍ക്കായും വനിതകള്‍ക്കും പ്രത്യേക പരിപാടികള്‍ എന്നിവയുമുണ്ട്. വിവര വിനിമയത്തിന് എസ്എംഎസ്/ ഇ-മെയില്‍ സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്.

വീഡിയോ കാണാം- https://www.facebook.com/keralainformation/videos/818343405293383/