കാടിനെ തൊട്ടറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ,പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു

post

വയനാട് : പച്ചപ്പ് പദ്ധതിക്ക് കീഴില്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന 'ചിരാത്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ പ്രകൃതി പഠന ക്യാമ്പ്  സംഘടിപ്പിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുത്തങ്ങ വൈല്‍ഡ് ലൈഫ് റെയ്ഞ്ച് അസ്സിസ്റ്റ്ന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍  കെ.പി.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷന്‍  ഓഫീസര്‍  കെ.കെ സുന്ദരന്‍, സെക്ഷന്‍  ഫോറസ്റ്റ് ഓഫീസര്‍ ഒ.എ ബാബു എന്നിവര്‍ ക്ലാസെടുത്തു. പച്ചപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കോര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍ വിശദീകരിച്ചു. വനം വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ  ക്യാമ്പ് ട്രക്കിങ്ങിന് എം.പി വിനോദ് നേതൃത്വം നല്‍കി. മ്യൂസിയം,ആനപ്പന്തി സന്ദര്‍ശനം, ഡോകുമെന്ററി പ്രദര്‍ശനം എന്നിവയും ഉണ്ടായിരുന്നു. സ്‌കൂള്‍, കോളേജ് ക്യാമ്പസുകളില്‍ നിന്ന്  രജിസ്റ്റര്‍ ചെയ്ത 45 വിദ്യാര്‍ത്ഥികളാണ് പ്രകൃതി പഠന ക്യാമ്പില്‍ പങ്കെടുത്തത്. മികച്ച ക്യാമ്പ് പ്രതിനിധിയായി കല്‍പ്പറ്റ ഗവ.കോളേജിലെ പ്രതീക്ഷ ജയപ്രകാശിനെ തിരഞ്ഞെടുത്തു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം  ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഹനീഷ് ചന്ദ്രന്‍, കെ.വി.വിപിന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. പച്ചപ്പ് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ സി.എം.സുമേഷ്, വി.അരവിന്ദ്, വിഗ്‌നേഷ്, അപര്‍ണ്ണ എന്നിവര്‍ സംസാരിച്ചു.