തീരദേശവാസികള്‍ക്ക് ആശ്വാസമായി പുനര്‍ഗേഹം: ആദ്യഘട്ടത്തില്‍ കയ്പമംഗലവും

post

സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് തൃശൂര്‍ ജില്ലയില്‍

തൃശൂര്‍: സംസ്ഥാനത്തെ 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരത്തുനിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന 'പുനര്‍ഗേഹം' പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കയ്പമംഗലം മണ്ഡലവും ഇടംപിടിച്ചു. നിയോജക മണ്ഡലത്തിലെ നിലവിലെ ഗുണഭോക്തൃ പട്ടികയിലുള്ള 408 കുടുംബങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ തന്നെ വീട് ലഭിക്കും. സംസ്ഥാനത്ത് ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കുന്ന ജില്ലയും തൃശൂരാണ്. തിരുവനന്തപുരം സെക്രട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പുനര്‍ഗേഹം പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ചു നടന്ന യോഗത്തിലാണ് ഫിഷറീസ് വകുപ്പ്മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഇക്കാര്യം അറിയിച്ചത്. തീരദേശ പ്രശ്‌നങ്ങള്‍ ഏറ്റവും രൂക്ഷമായ കയ്പമംഗലം മണ്ഡലത്തില്‍ തന്നെ പുനര്‍ഗേഹ പദ്ധതി നടപ്പാക്കണം എന്ന ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്.

വേലിയേറ്റ മേഖലയില്‍ 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2,450 കോടിയുടെ പദ്ധതി മൂന്നുഘട്ടമായി 2022 ഓടെ പൂര്‍ത്തിയാക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. 1,398 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 1,052 കോടി ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നും കണ്ടെത്തും. 10 ലക്ഷം രൂപ വീതമാണ് ഓരോ കുടുംബങ്ങള്‍ക്കും ഇതിനായി നല്‍കുന്നത്. ഇതില്‍ സ്ഥലം വാങ്ങി ബാക്കി മുഴുവന്‍ പണവും വീടു നിര്‍മിക്കുന്നതിനുപയോഗിക്കാമെന്ന പുതിയ നിയമം കൂടി ഉള്‍പ്പെടുത്തിയതോടെ 10 ലക്ഷം രൂപയും ഗുണഭോക്താവിന് ലഭിക്കും എന്നതാണ് മറ്റൊരു പ്രയോജനം. 

മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 998.61 കോടിയും രണ്ടാം ഘട്ടത്തില്‍ 796.54 കോടിയും മൂന്നാം ഘട്ടത്തില്‍ 654.85 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. 12 വര്‍ഷത്തേക്ക് കൈമാറാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് സ്ഥലം കണ്ടെത്തി വീടുനിര്‍മ്മിക്കാന്‍ ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നല്‍കുക. 12 വര്‍ഷത്തിനുശേഷം കൈമാറിയാല്‍ അവരെ സര്‍ക്കാരിന്റെ മറ്റു ഭവനപദ്ധതികള്‍ക്ക് പരിഗണിക്കില്ല. ഗുണഭോക്താക്കളായശേഷം മാറിത്താമസിക്കാന്‍ വിസമ്മതിച്ചാല്‍ പിന്നീട് കടല്‍ക്ഷോഭംമൂലം വീടിനോ സ്ഥലത്തിനോ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കില്ല. ഗുണഭോക്താക്കള്‍ക്ക് വീട് കിട്ടിക്കഴിഞ്ഞാല്‍ നിലവില്‍ താമസിക്കുന്ന വീട് സ്വന്തമായി പൊളിച്ചുമാറ്റി സ്ഥലം ഉപേക്ഷിക്കണം. അഞ്ചുസെന്റിന് മുകളില്‍ ഭൂമിയുണ്ടെങ്കില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അവിടെ കൃഷി അനുവദിക്കും. നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ല. മറ്റു സ്ഥലങ്ങളില്‍ ഹരിതകവചം വളര്‍ത്തും.