ലൈഫ് മിഷന്‍ : മികച്ച പ്രകടനം കാഴ്ചവെച്ച് മാള ബ്ലോക്ക് പഞ്ചായത്ത്

post

തൃശൂര്‍:  ലൈഫ് സമ്പൂര്‍ണ ഭവന പദ്ധതിയില്‍ വീടില്ലാത്തവര്‍ക്ക് വീടൊരുക്കി മാതൃകയാവുകയാണ് മാള ബ്ലോക്ക് പഞ്ചായത്ത്. 257 വീടുകളാണ് ബ്ലോക്ക് പരിധിയില്‍ മാള, ആളൂര്‍, അന്നമനട, കുഴൂര്‍, പൊയ്യ എന്നീ പഞ്ചായത്തുകളിലായി പൂര്‍ത്തിയാക്കിയത്. രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച വീടുകളെല്ലാം പണി കഴിപ്പിച്ചാണ് മാള ബ്ലോക്ക് പഞ്ചായത്ത് വിജയം കൈവരിച്ചിരിക്കുന്നത്. ലൈഫ് ഒന്നാം ഘട്ടത്തില്‍ പണിതീരാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം എന്ന ലക്ഷ്യമാണ് വിഭാവനം ചെയ്തത്. ഒന്നാം ഘട്ടത്തില്‍ അനുവദിച്ച 94 വീടുകളില്‍ 93 വീടുകളും പൂര്‍ത്തികരിച്ച് മികച്ച പ്രകടനമാണ് മാള കാഴ്ചവെച്ചിരിക്കുന്നത്. ആളൂര്‍ ഗ്രാമപഞ്ചായത്ത് 21, അന്നമനട 25, പൊയ്യ ഗ്രാമപഞ്ചായത്ത് 10, മാള ഗ്രാമപഞ്ചായത്ത് 15, കുഴൂര്‍ ഗ്രാമ പഞ്ചായത്ത് 22 എന്നിങ്ങനെയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മിക്കയിടത്തും 100 ശതമാനവും വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയാണ് മാള ബ്ലോക്ക് ശ്രദ്ധേയമാകുന്നത്.
രണ്ടാം ഘട്ടത്തില്‍ 5 പഞ്ചായത്തുകളിലായി എഗ്രിമെന്റ് വച്ച 156 ഗുണഭോക്താക്കളില്‍ 138 എണ്ണം പണിപൂര്‍ത്തീകരിച്ചിട്ടുണ്ട്. ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ എഗ്രിമെന്റ് വച്ച 27 വീടുകളില്‍ 24 എണ്ണം, അന്നമനട ഗ്രാമപഞ്ചായത്തില്‍ 40 വീടുകളില്‍ 35 എണ്ണം, മാള ഗ്രാമ പഞ്ചായത്ത് 27 ല്‍ 23 എണ്ണം, പൊയ്യ ഗ്രാമ പഞ്ചായത്തില്‍ 38 വീടുകള്‍ പൂര്‍ണമായും, കൂഴുര്‍ ഗ്രാമപഞ്ചായത്തില്‍ 24 ല്‍ 18 എണ്ണം  എന്നിങ്ങനെയാണ് പൂര്‍ത്തീകരിച്ചത്. ലൈഫ് ഒന്നാം ഘട്ടത്തില്‍ മാള ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പട്ടികജാതി വികസന വകുപ്പിന്റെ  27 പേരില്‍ 26 പേരുടെ വീടുപണിയും പൂര്‍ത്തീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഒന്നും രണ്ടും ഘട്ടങ്ങളിലായി 257 കുടുംബങ്ങളെ ലൈഫ് പദ്ധതി വഴി ഭവനമുളളവരാക്കി മാറ്റി. അനുവദിച്ച വീടുകള്‍ എല്ലാംതന്നെ പൂര്‍ത്തീകരിച്ചു ലൈഫ് മിഷനെ ശരിയായ ദിശയില്‍ നടപ്പിലാക്കി കൊണ്ടുവരികയാണ് മാള ബ്ലോക്ക് പഞ്ചായത്ത്.