1400 കോടിയോളം രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധിക ഫണ്ട് അനുവദിച്ചു: മന്ത്രി എ.സി. മൊയ്തീന്‍

post

തൃശൂര്‍ : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധിക ഫണ്ടായി ആകെ 1400 കോടി രൂപയോളം അനുവദിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം 961 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് അനുവദിച്ചിട്ടുണ്ട്. റീബില്‍ഡ് കേരളയില്‍ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ വികസനനിധിയില്‍നിന്ന് 480 കോടി രൂപ 2019ലെ പ്രളയമുണ്ടായ എട്ട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേറെയും അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ഏകദേശം 1400 കോടി രൂപയുടെ ഫണ്ടുകള്‍ തുടര്‍ന്ന് ഉപയോഗിക്കാനാവുന്നതാണ്. ഗ്രാമീണ റോഡ് നന്നാക്കല്‍ മഴക്കാലത്തിന് മുമ്പ് ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ട്രഷറിയില്‍ ആവശ്യത്തിന് പണം ഇല്ലെന്നതാണ് ട്രഷറി പ്രശ്നത്തിന്റെ ലളിതമായ കാരണം. ജി.എസ്.ടി സംബന്ധിച്ച് നല്‍കേണ്ട നഷ്ടപരിഹാര തുക കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല. കടമെടുക്കാന്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം അനുവദിച്ചിരുന്ന പരിധി 24000 കോടി രൂപയായിരുന്നു. ഈ വര്‍ഷം ട്രഷറിയിലെ നിക്ഷേപം പോലും കടമായി കണക്കാക്കി 6000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. പ്രളയമുണ്ടാക്കിയ കെടുതികള്‍ വേറെ. ജി.എസ്.ടി ശാസ്ത്രീയമായി നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് നികുതി വരുമാനത്തില്‍ ചോര്‍ച്ചയുണ്ടായി. ഇത് ദേശീയ പ്രതിസന്ധിയായി മാറുകയാണ്. പ്രതിസന്ധിമൂലം മറ്റ് വകുപ്പുകളുടെ പദ്ധതി വിഹിതം 30 ശതമാനം വെട്ടിക്കുറച്ചപ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഒരു പൈസ പോലും കുറക്കില്ലെന്ന് ധനമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാം മാര്‍ച്ച് മാസത്തില്‍ ചെയ്താല്‍ മതിയെന്ന, പദ്ധതികള്‍ സംബന്ധിച്ച പരമ്പരാഗത സമീപനത്തില്‍ തിരുത്തല്‍ വേണമെന്ന് മന്ത്രി പറഞ്ഞു. ബില്ലുകള്‍ സമര്‍പ്പിക്കുന്നത് മാര്‍ച്ച് 31ലേക്ക് നീട്ടരുത്. നേരത്തെ ബില്ലുകള്‍ സമര്‍പ്പിക്കണം. പാര്‍ട്ട് ബില്ലുകള്‍ പരമാവധി എഴുതണം. ഇന്നത്തെ കണക്കനുസരിച്ച് 1200 തദ്ദേശ സ്ഥാപനങ്ങളുടെ ബില്ല് ആയിരം കോടി രൂപക്ക് താഴെയാണ് പെന്‍ഡിംഗ് ഉള്ളത്. പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള സാമര്‍ഥ്യം പ്രകടിപ്പിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. ആ കാര്യത്തില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ പുരോഗതി ഈ വര്‍ഷവും വേണ്ടത്ര കാണുന്നില്ല. പദ്ധതി അടുത്ത വര്‍ഷത്തെ സ്പില്‍ ഓവര്‍ ആയി പോവും എന്ന രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഭംഗിയാവില്ല. ഇത് ഗൗരവപ്പെട്ട തിരുത്തല്‍ വേണ്ട മേഖലയാണ്. ഭരണം ഒരു തുടര്‍ച്ചയാണ്. ഇത് തെരഞ്ഞെടുപ്പ് വര്‍ഷം ആണെന്നതിന്റെ ആലസ്യം ഉണ്ടാവരുത്. ഉദ്യോഗസ്ഥരായാലും ജനനേതാക്കളായാലും ജനങ്ങളുടെ പ്രശ്നങ്ങളാണ് നാം കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ എന്‍ജിനീയറിംഗ് വര്‍ക്കുകള്‍ പ്രത്യേകമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പിശക് പരിശോധിച്ച് നടപടിയുണ്ടാവണമെന്നും മന്ത്രി ഉത്തരവിട്ടു. ജില്ലാ പഞ്ചായത്തിന്റെ പട്ടികവര്‍ഗ കോളനിയുമായി ബന്ധപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവര്‍ പ്രവൃത്തിയുടെ പാര്‍ട്ട് ബില്ല് ആറുമാസമായിട്ടും കൊടുക്കാത്തതിനെ തുടര്‍ന്നാണ് കര്‍ശന നടപടിക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ അതികര്‍ശനമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പദ്ധതികളിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കി.
എന്‍ജിനീയറിംഗ് വിഭാഗം പാര്‍ട്ട് ബില്ലുകള്‍ സമര്‍പ്പിക്കുന്നത് സംസ്ഥാനതലത്തില്‍തന്നെ എല്ലാ പത്ത് ദിവസം കൂടുംതോറും അവലോകനം ചെയ്യാന്‍ ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എന്‍ജിനീയറിംഗ് പ്രവൃത്തികള്‍ക്ക് പാര്‍ട്ട് ബില്ല് എഴുതുന്നതിനുള്ള തടസ്സം പരിശോധിക്കണമെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. അതിരിപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാവാത്ത സാഹചര്യത്തില്‍ അവിടുത്തെ പ്രവൃത്തികള്‍ക്ക് പ്രത്യേക നിരക്ക് അനുവദിക്കാന്‍ പ്രൊപ്പോസല്‍ അയക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വീട് നിര്‍മ്മാണത്തിന് കുടിക്കട സര്‍ട്ടിഫിക്കറ്റ് അടിയന്തിരമായി ലഭ്യമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്ത് നല്‍കണം.
മണലിപ്പുഴ സംരംക്ഷണത്തിനായി മണ്ണുസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ കഴിഞ്ഞ വര്‍ഷത്തെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ജനുവരി 20നകം നല്‍കാന്‍ മന്ത്രി ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. ഗുണഭോക്തൃ പട്ടിക ലഭിക്കാത്തിനാല്‍ വ്യവസായ വകുപ്പിന്റെ പദ്ധതി നടത്താനാവുന്നില്ലെന്ന് യോഗത്തില്‍ അറിയിച്ചു. കൃത്യവിലോപം കാണിച്ച വ്യവസായ വകുപ്പിലെ ഒരു ഓഫീസര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പൊയ്യ ഗ്രാമപഞ്ചായത്തില്‍ ഫിഷറീസ് വകുപ്പിന്റെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഇല്ലാത്തത് പരിശോധിക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍ വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. കോസ്റ്റ്ഫോര്‍ഡ് ഇതുവരെ ചെയ്ത പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിനായുള്ള ഓപറേഷന്‍ തിയറ്ററുകള്‍ കൂടുതലായി സജ്ജീകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കാനും നിര്‍ദേശം നല്‍കി. ജില്ലയിലെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി, വിവിധ വകുപ്പുകളുടെ പദ്ധതികളുടെ പുരോഗതി, ലൈഫ് മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെ നിര്‍വഹണ പുരോഗതി എന്നിവയും മന്ത്രി അവലോകനം ചെയ്തു.
തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത വിജയന്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, പഞ്ചായത്ത് വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ എം.പി. അജിത് കുമാര്‍, നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്‍.കെ. ബല്‍രാജ്, ഗ്രാമവികസന വകുപ്പ് അഡീഷനല്‍ ഡവലപ്മെന്റ് കമീഷണര്‍ വി.എസ്. സന്തോഷ്‌കുമാര്‍,  തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു