തദ്ദേശഭരണ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിച്ചു

post

മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയ പരിധി പൂര്‍ത്തിയായി. പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വരണാധികാരികള്‍ അംഗീകരിച്ച പത്രികകള്‍ പിന്‍വലിക്കാനാണ് അവസരമുണ്ടായിരുന്നത്. ഇന്നലെ (നവംബര്‍ 23) വൈകീട്ട് 7.30 വരെയുള്ള കണക്കനുസരിച്ച് മലപ്പുറം ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളില്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ച പത്രികകളില്‍ 5,409 പത്രികകള്‍ പിന്‍വലിച്ചു. ഇതനുസരിച്ച് ജില്ലയിലിപ്പോള്‍ 3,246 പേരാണ് മത്സര രംഗത്ത് തുടരുന്നത്.

നഗരസഭകളില്‍ 934 പേര്‍ പത്രികകള്‍ പിന്‍വലിച്ചു. ഇതോടെ 635 പോരാണ് മത്സര രംഗത്തുള്ളത്. ഗ്രാമ പഞ്ചായത്തുകളില്‍ 3,991 പേരാണ് ഇതുവരെ പത്രികകള്‍ പിന്‍വലിച്ചത്. ഇപ്പോള്‍ മത്സര രംഗത്ത് 2,050 പേരാണുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 484 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുനിന്ന് പിന്മാറിയത്. 357 പേര്‍ മത്സര രംഗത്ത് തുടരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 204 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് തുടരുന്നു.